പഞ്ചാബിൽ എൻ.ഐ.എ റെയ്ഡ്: ഹിസ്ബുൾ ഭീകരിൽ നിന്നും 20 ലക്ഷം രൂപയും ആയുധങ്ങളും കണ്ടെത്തി
ന്യൂഡൽഹി: പഞ്ചാബ് മേഖലയിൽ പാക് ഭീകരരായ ഹിസ്ബുൾ സംഘത്തിൽപ്പെട്ടവരിൽ നിന്ന് ആയുധങ്ങളും പണവും കണ്ടെത്തി. പഞ്ചാബ് മേഖലകളിലാണ് ദേശിയ അന്വേഷണ ഉദ്യോഗസ്ഥർ റെയ്ഡുകൾ ശക്തമാക്കിയത്. അമൃതസർ കേന്ദ്രീകരിച്ചാണ് ഹിസ്ബുൾ ബന്ധമുള്ളയാളുടെ വീട് അന്വേഷണ സംഘം റെയ്ഡ് ചെയ്തത്. അമൃതസറിലും ഗുർദാസ്പൂറിലും വീടുകളുള്ള മൻപ്രീത് സിംഗിന്റെ വീട്ടിലാണ് അന്വേഷണ സംഘം എത്തിയത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരുമായി ചേർന്ന് പ്രവർത്തിക്കുന്ന രഞ്ജിത് സിംഹ്, ഇഖ്ബാൽ സിംഗ് എന്നിവരെ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് തുടരുന്നത്. മയക്കുമരുന്ന് അടക്കം രാജ്യത്ത് പാകിസ്താനിൽ നിന്ന് എത്തിക്കുന്ന വൻ ശൃംഖലയുടെ ഭാഗമാണിവരെന്ന് എൻഐഎ വ്യക്തമാക്കി.
റെയ്ഡിൽ തോക്കും വെടിയുണ്ടകൾക്കുമൊപ്പം കണക്കിൽപെടാത്ത ഇരുപതുലക്ഷം രൂപ കണ്ടെത്തി. ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു. ഹെറോയിൻ അടക്കം വിൽപ്പന നടത്തുന്ന സംഘം മയക്കുമരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, പായ്ക്കിംഗ് മെഷീൻ എന്നിവ കണ്ടെത്തി. ഇതിനൊപ്പം ഇവരുപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു.

