വ്യോമമിത്ര റോബോർട്ടുമായി ഗഗൻയാൻ പേടകം ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു


ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാൻ ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡിൽ ഗഗൻയാൻ മാതൃപേടകം തയ്യാറാകുന്നു. മൂന്ന് സഞ്ചാരികൾക്ക് ഏഴ് ദിവസം ബഹിരാകാശത്ത് കഴിയാനുള്ള സൗകര്യം പേടകത്തിനുണ്ട്. 2021 ഡിസംബറിൽ വിക്ഷേപണം നടത്തുമെന്നാണ് സൂചന.

പേടകത്തിലെ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത് പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിആർഡിഒ ആണ്. ഗഗൻയാന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണങ്ങളിൽ ബഹിരാകാശത്തെത്തുന്നത് വ്യോമമിത്ര എന്ന പേരുള്ള റോബോർട്ടായിരിക്കും. ഗഗൻയാൻ വിക്ഷേപിക്കുന്ന വ്യോമമിത്ര ഹ്യൂമനോയിഡ് റോബോർട്ട് വട്ടിയൂർക്കാവിലെ ഇനർഷ്യൽ സിസ്റ്റംസ് യൂണിറ്റിലും തയ്യാറായി. ദൗത്യത്തിനായി മൂന്ന് ബഹിരാകാശ യാത്രികരേയും റഷ്യയിൽ പരിശീലിപ്പിക്കുന്നുണ്ട്.

ഗഗൻയാൻ യാത്രാ പേടകത്തിലെ ജീവൻ രക്ഷാ സൗകര്യങ്ങളുടെ കാര്യ ക്ഷമത പരിശോധിക്കുക, ഉപകരണങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ ജോലികൾ വ്യോമമിത്ര ചെയ്യും. നാസയുടേയും മറ്റും ബഹിരാകാശ പേടകങ്ങളിൽ റോബോർട്ടുകൾ ഉണ്ടെങ്കിലും ഹ്യൂമനോയ്ഡ് വിഭാഗത്തിൽപ്പെട്ട ആദ്യ ബഹിരാകാശ സഹായിയായി വ്യോമമിത്ര മാറും. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളാകുന്ന മൂന്ന് പേർക്കൊപ്പം നാലമത്തെയാൾ എന്ന പദവിയോടെയായിരിക്കും വ്യോമമിത്രയുടെ യാത്ര.

 2018ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാൻ ദൗത്യം പ്രഖ്യാപിച്ചത്. ഇന്ത്യ 75 വർഷത്തെ സ്വാതന്ത്ര്യം പൂർത്തിയാക്കുമ്പോൾ 2022ഓടെ അഞ്ച് മുതൽ ഏഴ് ദിവസം വരെ മൂന്നംഗ സംഘത്തെ ബഹിരാകാശത്തേക്ക് അയയ്ക്കുകയാണ് ലക്ഷ്യം. ഇതോടെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ച നാലാമത്തെ രാജ്യമായി മാറും ഇന്ത്യ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed