മംഗലാപുരം ബോട്ട് അപകടം; കാണാതായ ആറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
മംഗലാപുരം: മത്സ്യബന്ധനത്തിനു പോയ ബോട്ട് മറിഞ്ഞ് കാണാതായ ആറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മംഗലാപുരം തീരത്തിനടുത്താണ് അപകടമുണ്ടായത്.
ചിന്ദന്‍ ബൊക്കപത്‌ന, ഹസ്‌നയര്‍ ബെന്‍ഗ്രെ, സിയൗള്‍ ബെന്‍ഗ്രെ, അന്‍സാര്‍ ബെന്‍ഗ്രെ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് നടത്തിയ തെരച്ചിലില്‍ ലഭിച്ചത്. പന്ദുരംഗ്(58), പ്രീതം(25) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ബോളാര്‍ സ്വദേശി പ്രശാന്തിന്റെ ശ്രീ രക്ഷ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനു ശേഷം മടങ്ങുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്. അപകടം നടക്കുമ്പോള്‍ 25 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 19 പേരെ രക്ഷിക്കാന്‍ സാധിച്ചെന്ന് തീരസംരക്ഷണ സേന അറിയിച്ചിരുന്നു. മത്സ്യബന്ധനത്തിനിടെ വലിയ കാറ്റ് വീശിയതാണ് അപകട കാരണമെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ പറഞ്ഞു.

