റിപ്പബ്ലിക് ദിനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി


ന്യൂഡൽഹി : 2021 ലെ റിപ്പബ്ലിക് ദിനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ മുഖ്യാഥിതിയായി ക്ഷണിച്ച് ഇന്ത്യ. ബോറിസ് ജോൺസണുമായി നടത്തിയ ടെലിഫോൺ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയിലേക്ക് ക്ഷണിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഇരുവരും തമ്മിൽ ടെലിഫോൺ ചർച്ച നടത്തിയത്. കൊറോണ വ്യാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബോറിസ് ജോൺസണുമായി ഫോണിൽ ബന്ധപ്പെട്ടത്. കൊറോണാനാന്തര ലോകത്ത് പരസ്പരം സഹകരിച്ച് മുന്നേറുമെന്ന് ചർച്ചയിൽ ഇരു രാജ്യങ്ങളും ഉറപ്പ് നൽകിയിരുന്നു. ഇതിന് പുറമേ പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഗവേഷണം, തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഇരു നേതാക്കളും അറിയിച്ചട്ടുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്തിടെ തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന സൂചനകൾ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകനേതാക്കളുടെ ഇതര രാജ്യങ്ങളിലേക്കുളള സന്ദര്‍ശനങ്ങള്‍ നിർത്തിവെച്ചിരിക്കുകയാണ്. ഇതിനിടെ ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകും ബോറിസ് ജോൺസൺ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed