കോവിഡ് വാക്സിൻ പരീക്ഷണം; സെറം ഇൻസ്റ്റിറ്റ്യൂട്ടിനു നോട്ടീസ്
                                                            ന്യൂഡൽഹി: കോവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ടു പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനു ഡ്രഗ്സ് കണ്‍ട്രോളർ ജനറലിന്‍റെ നോട്ടീസ്. ഓക്സ്ഫഡ് വാക്സിന്‍റെ പരീക്ഷണം മറ്റുരാജ്യങ്ങൾ നിർത്തിവച്ചകാര്യം ഡ്രഗ്സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. യുകെയിൽ വാക്സിൻ കുത്തിവച്ചയാൾക്ക് അജ്ഞാതരോഗം ബാധിച്ചതിനെത്തുടർന്ന്, ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനേക്കയും ചേർന്നു വികസിപ്പിച്ച കോവിഡ് വാക്സിന്‍റെ പരീക്ഷണം നിർത്തിവച്ചിരുന്നു. വാക്സിന്‍റെ പാർശ്വഫലംമൂലമാണു രോഗം ബാധിച്ചതെന്നാണു നിഗമനം. അടുത്ത വർഷം ആദ്യം പുറത്തിറങ്ങുമെന്നു കരുതിയ വാക്സിൻ ഇതോടെ വൈകിയേക്കും.
പരീക്ഷണം നിർത്തിവച്ചത് സാധാരണ നടപടിക്രമമാണെന്ന് അസ്ട്രസെനേക്ക അധികൃതർ പറഞ്ഞു. വലിയ പരീക്ഷണങ്ങൾക്കിടെ രോഗമുണ്ടാകാൻ സാധ്യതയുണ്ട്. സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണ്. പരീക്ഷണങ്ങളുടെ സമഗ്രത ഉറപ്പുവരുത്തും. പാർശ്വഫലമെന്നു സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. അസ്ട്രസെനക്ക അധികൃതർ കൂട്ടിച്ചേർത്തു.
ഓക്സ്ഫഡ് വാക്സിന്‍റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ വിജയമായിരുന്നു. തുടർന്നാണു വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിലേക്കു കടന്നത്. യുഎസ്, യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി 30,000 പേരാണു മൂന്നാംഘട്ടപരിശോധനയിൽ പങ്കെടുത്തത്. ഓക്സ്ഫഡ് വാക്സിന്‍റെ ഇന്ത്യയിലെ പരീക്ഷണം തുടരുകയാണെന്നു പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ (എസ്ഐഐ) അറിയിച്ചു. പരീക്ഷണം നിർത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്യത്തെ 17 സെൻററുകളിൽ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണെന്നും സെറം അധികൃതർ അറിയിച്ചു.
												
										