നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റി വയ്ക്കില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: നീറ്റ്, ജെ. ഇ. ഇ പരീക്ഷകള്‍ മാറ്റി വയ്ക്കില്ലെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ വ്യക്തമാക്കി. അടുത്ത മാസം നിശ്ചയിച്ചിരിക്കുന്ന ജെ. ഇ. ഇ, നീറ്റ് പരീക്ഷകള്‍ മാറ്റി വയ്ക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ മാസം നടത്തേണ്ട പരീക്ഷയാണ് കോവിഡ് മൂലം സെപ്റ്റംബര്‍ വരെ നീണ്ടത്. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത് പ്രകാരം ദീപാവലി വരെ മാറ്റിയാല്‍ ഡിസംബര്‍ ആദ്യ ആഴ്ച്ച മാത്രമേ പരീക്ഷ നടത്താന്‍ കഴിയു. 2021ല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിക്കേണ്ടി വരും. ഇതിനര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അക്കാഡമിക് വര്‍ഷം നഷ്ട്ടമായി എന്നാണ്. ഇത് 2021, 2022 വര്‍ഷം വരെയുള്ള അക്കാഡമിക് കാലയളവുകളെ ബാധിക്കുമെന്ന് ഉന്നത വിദ്യഭ്യാസ സെക്രട്ടറി ചൂണ്ടി കാട്ടി. പരീക്ഷ നീട്ടി വയ്ക്കാനുള്ള ആവിശ്യം സുപ്രീം കോടതി ഒരിക്കല്‍ തള്ളിയത് ആണെന്നും സെക്രട്ടറി പറഞ്ഞു.
അതേസമയം, കോവിഡിനിടയിലും നീറ്റ്, ജെ. ഇ. ഇ പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഒഡിഷ സംസ്ഥാങ്ങളാണ് ഹര്‍ജി നല്‍കാന്‍ തയാറെടുക്കുന്നത്. തമിഴ് നാട്, ദില്ലി സര്‍ക്കാരുകളും പരീക്ഷ മാറ്റി വയ്ക്കണമെന്ന നിലപാടിലാണ്.

