'എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ യുഡിഎഫ്, ബിജെപി ശ്രമം' നടക്കുന്നതായി സിപിഎം കേന്ദ്ര കമ്മിറ്റി


ന്യൂഡൽഹി: കേരളത്തിൽ എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ യുഡിഎഫും ബിജെപിയും നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. സ്വർണക്കടത്തിന്റെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും നടത്തുന്ന വിനാശകരമായ നീക്കത്തെ കേരള ജനത പരാജയപ്പെടുത്തുമെന്ന്‌ ഉറപ്പുണ്ടെന്ന്‌ കമ്യൂണിക്കെയിൽ പറഞ്ഞു. കൺസൾട്ടൻസി, വിദേശഫണ്ട്‌ വിവാദങ്ങളിൽ പുതുതായി ഒന്നുമില്ലെന്നും ഇക്കാര്യങ്ങളിൽ പാർട്ടി മുമ്പ്‌ മറുപടി നൽകിയതാണെന്നും യോഗതീരുമാനം വിശദീകരിച്ച്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

സ്വർണക്കടത്ത്‌ പൂർണമായും കേന്ദ്ര അധികാരപരിധിയിലാണ്‌. കസ്റ്റംസ്‌ സ്വർണം പിടികൂടിയതിൽ സംസ്ഥാന സർക്കാരിന്‌ ഒന്നും ചെയ്യാനില്ല. നയതന്ത്ര ബാഗ്‌ സംവിധാനം വഴി‌ സ്വർണം കടത്തിയതിനെക്കുറിച്ച്‌ വിശദ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി കേന്ദ്രത്തിന്‌ കത്തെഴുതി.

പാർലമെന്റ്‌ പാസാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്ന എൻഐഎ അന്വേഷണം നടത്തുന്നു‌. കുറ്റക്കാരെ എൻഐഎ കണ്ടെത്തി ശിക്ഷിക്കട്ടെ. ഇപ്പോൾ നിഗമനങ്ങളിൽ എത്തേണ്ടതില്ല. കോവിഡിനെതിരായ പോരാട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയത്ത്‌ യുഡിഎഫും ബിജെപിയും ഒന്നുചേർന്ന്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ്‌. ഏതെങ്കിലും രീതിയിൽ അന്വേഷണം തടയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടില്ല. അന്വേഷണം ഒഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ മറ്റ്‌ ചോദ്യങ്ങൾ ഉയർത്തുന്നതിൽ കാര്യമുണ്ടായിരുന്നു- യെച്ചൂരി പ്രതികരിച്ചു.

You might also like

  • Straight Forward

Most Viewed