വിരമിച്ച സർക്കാർ ജീവനക്കാർക്ക് 4 വർഷം പുനർനിയമനത്തിന് ശുപാർശ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിന് പകരം വിരമിച്ചശേഷം താൽപ്പര്യമുള്ളവർക്ക് 60 വയസ്സുവരെ പുനർനിയമനം നൽകണമെന്ന് വിദഗ്ദ്ധസമിതി ശുപാർശ. വിരമിക്കുന്നതിന് മുൻപുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മാത്രമേ തുടർന്നും നൽകാവൂയെന്നും സമിതി നിർദേശിക്കുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച മുൻ ചീഫ് സെക്രട്ടറി കെ എ എബ്രഹാം അദ്ധ്യക്ഷനായ സമിതിയാണ് ശുപാർശ നൽകിയത്.
പെൻഷൻ പ്രായം 56ൽ നിന്ന് 60ആയി ഉയർത്തിയാൽ 16,000 കോടി രൂപ ലാഭിക്കാമെന്നും സമിതി പറയുന്നു. എന്നാൽ നാലുവർഷം സർവീസ് കാലാവധി നീട്ടുന്നതിന് അനുസരിച്ച് ശമ്പളത്തിലുണ്ടാകുന്ന വർദ്ധനയ്ക്ക് ആനുപാതികമായി പെൻഷൻ തുകയും വർദ്ധിക്കും. ഇതെല്ലാം കണക്കിലെടുത്താണ് വിരമിച്ചശേഷം നിബന്ധനകളോടെ പുനർനിയമനം എന്ന ബദൽ നിർദേശം സമിതി മുന്നോട്ടുവെച്ചത്.
