കോവിഡ്: കർണാടകത്തിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിയിൽ തള്ളി


ബംഗളൂരു: കർണാടകത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിയിൽ തള്ളുന്ന ദൃശ്യങ്ങൾ പുറത്ത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകരാണ് ആംബുലൻസിൽനിന്നും മൃതദേഹങ്ങൾ വിജനമായ സ്ഥലത്ത് കുഴിയിൽ തള്ളിയത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ജില്ലയായ ബെല്ലാരിയിൽനിന്നുള്ളതാണ് ദൃശ്യങ്ങളെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആംബുലൻസിൽ നിന്നും കറുപ്പ് തുണിയിൽ പൊതിഞ്ഞ മൃതദേഹങ്ങൾ ഒന്നിനുപുറകെ ഒന്നായി കുഴിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണിത്. പിപിഇ കിറ്റ് ധരിച്ച ആളുകൾ കന്നഡ ഭാഷ സംസാരിക്കുന്നതും വ്യക്തമായി കേൾക്കാം. കുഴികുത്താനായി കൊണ്ടുവന്ന മണ്ണുമാന്ത്രി യന്ത്രങ്ങളും കാണാം. ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിൻറെ ജില്ലയായ ബെല്ലാരിയിലെ വ്യവസായ മേഖലയോടു ചേർന്ന വിജനമായ സ്ഥലത്താണ് സംഭവം നടന്നത്. ജില്ലയിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്കരിക്കുന്നത് ഇവിടെയാണ്. ഇവിടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനെതിരെ പ്രദേശവാസികൾ നേരത്തെ രംഗത്തെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed