തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നത് നയതന്ത്രത്തിനു പകരമാവില്ല; മൻമോഹൻ സിംഗ്
ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നത് നയതന്ത്രത്തിനും നിർണായക നേതൃത്വത്തിനും പകരമാവില്ലെന്ന് മൻമോഹൻ സിംഗ് പറഞ്ഞു. ചൈന ഉയർത്തുന്ന ഭീഷണിയെ നേരിടാൻ ഒരു രാജ്യമെന്ന നിലയിൽ നാം ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്നും മൻമോഹൻ സിംഗ് വ്യക്തമാക്കി. ചരിത്രപരമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സർക്കാരിന്‍റെ തീരുമാനങ്ങളും പ്രവർത്തനവും ഗൗരവമുള്ളതായിരിക്കും. ജനാധിപത്യ രാജ്യത്ത് പ്രധാനമന്ത്രിയിലാണ് ഉത്തരവാദിത്തം വന്നുചേരുന്നത്. രാജ്യസുരക്ഷയെയും രാജ്യതാൽപര്യത്തെയും സ്വന്തം വാക്കുകൾ എത്രത്തോളം ബാധിക്കുമെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ ചൈന നിരവധി കടന്നുകയറ്റങ്ങൾ നടത്തി. പ്രധാനമന്ത്രി തന്‍റെ വാക്കുകളിലൂടെ ചൈനക്ക് സ്വയം ന്യായീകരിക്കാനുള്ള അവസരം നൽകരുത്. ആശ്വാസകരമായ കള്ളങ്ങൾ പറഞ്ഞ് സത്യത്തെ ഇല്ലാതാക്കാനാകില്ലെന്നും മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു

