ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന്റെ കാറിന് നേരെ വെടിവെപ്പ്: മുഖ്യ സൂത്രധാരൻ പിടിയിൽ


ശാരിക

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന്റെ കാറിന് നേരെ മുംബൈയില്‍ നടന്ന വെടിവെപ്പിന് പിന്നിലെ പ്രധാന സൂത്രധാരൻ അനില്‍ പണ്ഡിറ്റാണെന്ന് രാജസ്ഥാൻ പോലീസ് കണ്ടെത്തി. കേസിലെ പ്രതികള്‍ക്ക് അനില്‍ പണ്ഡിറ്റ് 2.5 ലക്ഷം രൂപ മുൻകൂറായി നല്‍കിയതായും റെഹാന് ആക്രമണം നടത്താൻ 34,000 രൂപ വാഗ്ദാനം ചെയ്തതായും വിവരമുണ്ട്. ആക്രമണത്തിനുശേഷം പ്രതികളെ വിദേശത്തേക്ക് അയക്കാമെന്നും ഇയാള്‍ ഉറപ്പുനല്‍കിയിരുന്നതായാണ് വിവരം. കാലിഫോർണിയയിലിരുന്ന് ആപ്പ് വഴി പ്രതികളുമായി തത്സമയം ബന്ധപ്പെടുകയും ആക്രമണത്തിന് നിർദേശങ്ങള്‍ നല്‍കുകയും ചെയ്തത് അനില്‍ പണ്ഡിറ്റാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ എത്തിച്ചതും ഇയാളാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. പ്രതികളുമായുള്ള സാമ്പത്തിക ഇടപാടുകളും ആശയവിനിമയങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്. ചെലവുകള്‍ക്കായി പ്രതികള്‍ക്ക് ദിവസവും 5,000 മുതല്‍ 10,000 രൂപവരെ പണ്ഡിറ്റ് ഓണ്‍ലൈനായി അയച്ചുനല്‍കിയിരുന്നെന്നും വിവരമുണ്ട്. ആക്രമണത്തിന് മുന്നോടിയായി പ്രതികള്‍ ഒരുമാസത്തോളം മുംബൈയിലെ ഹോട്ടലില്‍ താമസിച്ചിരുന്നതായും പോലീസ് പറയുന്നു. ഈ കാലയളവില്‍ കടക്കാർക്ക് ഓണ്‍ലൈനായി പണം നല്‍കി പകരം പണം കൈപ്പറ്റിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സംഘത്തിലെ മറ്റൊരു പ്രതിയായ ഹതിക് ആണ് ടൈഗർ ഷ്‌റോഫിന്റെ യാത്രാവിവരങ്ങള്‍ നിരീക്ഷിച്ച്‌ ശേഖരിച്ചതെന്നാണ് വിവരം. നടന്റെ ദിനചര്യകള്‍ പ്രതികള്‍ നിരീക്ഷിച്ചിരുന്നോയെന്നും ലക്ഷ്യസ്ഥാനത്തെ നീക്കങ്ങള്‍ എങ്ങനെ പിന്തുടർന്നുവെന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്. വെടിവെപ്പിന് പിന്നാലെ മുംബൈയില്‍നിന്ന് രക്ഷപ്പെടാൻ പ്രതികള്‍ വേഷത്തിലും രൂപത്തിലും മാറ്റം വരുത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസമയത്ത് റെഹാനും പ്രായപൂർത്തിയാകാത്ത പ്രതിക്കും നീളമുള്ള മുടിയുണ്ടായിരുന്നെങ്കിലും ട്രെയിൻ യാത്രയ്ക്കിടെ മുടി വെട്ടുകയും വസ്ത്രം മാറുകയും ചെയ്തു.

സംശയം ഒഴിവാക്കാൻ മൂവരും ട്രെയിന്റെ വ്യത്യസ്ത ഭാഗങ്ങളിലായാണ് ഇരുന്നത്. എത്രയും വേഗം ഡല്‍ഹിയിലെത്തി അവിടെനിന്ന് നേപ്പാളിലേക്ക് കടക്കാനായിരുന്നു അനില്‍ പണ്ഡിറ്റ് നല്‍കിയ നിർദേശമെന്നും വിവരമുണ്ട്. ഒക്ടോബർ 18-നാണ് മുംബൈയിലെ ജൂഹുവില്‍ ബൈക്കിലെത്തിയ അക്രമികള്‍ ടൈഗർ ഷ്‌റോഫിന്റെ കാറിന് നേരെ വെടിയുതിർത്തത്. നടൻ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാരനും പരിക്കേറ്റു. പ്രാഥമിക വിവരമനുസരിച്ച്‌ ഏഴ് റൗണ്ട് വെടിയുതിർത്തതില്‍ അഞ്ചെണ്ണം കാറില്‍ പതിക്കുകയും രണ്ടെണ്ണം ലക്ഷ്യം തെറ്റുകയും ചെയ്തു. ആക്രമണത്തിന്റെ ആസൂത്രണവും പ്രതികള്‍ക്ക് നിർദേശങ്ങള്‍ നല്‍കിയവരും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

article-image

െമെമം

You might also like

  • Lulu Exchange
  • Straight Forward

Most Viewed