ആശങ്ക അകലുന്നില്ല: 24 മണിക്കൂറിനിടെ രാജ്യത്ത് 11,458 പുതിയ കേസുകൾ, 386 മരണം
ന്യൂഡൽഹി: രാജ്യത്ത് വലിയ ആശങ്കയുണർത്തി കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 3,08,993 ആയി. ഇന്നലെ മാത്രം 11,458 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കൊവിഡ് കേസുകൾ രാജ്യത്തുണ്ടാകുന്നത്. 24 മണിക്കൂറുകൾക്കുള്ളിൽ 386 പേർ മരണത്തിന് കീഴടങ്ങി. രാജ്യത്ത് കൊവിഡ് രോഗബാധിതരായി ഇതുവരെ 8884 പേരാണ് മരിച്ചതെന്നും ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
109 ദിവസത്തിലാണ് ആദ്യ ഒരു ലക്ഷം കടന്നതെങ്കിൽ പിന്നീട് വളരെ വേഗത്തിലാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചത്. രോഗബാധിതർ ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമാകാനെടുത്തത് 15 ദിവസവും രണ്ടിൽ നിന്ന് മൂന്ന് ലക്ഷമാകാനെടുത്തത് 10 ദിവസമാണെന്നത് സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് അടക്കമുള്ള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നത്.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3 ലക്ഷം കടക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ റഷ്യ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യക്ക് മുകളിലുള്ളത്. രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്താനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ജൂൺ 16, 17 തിയതികളിലായിരിക്കും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ്.

