കാഷ്മീരിൽ സൈന്യം അഞ്ച് തീവ്രവാദികളെ വധിച്ചു
ഷോപ്പിയാൻ: ജമ്മുകാഷ്മീരിലെ ഷോപ്പിയാനിൽ അഞ്ച് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഞായറാഴ്ച ഷോപ്പിയാനിലെ രെബാനിലാണ് ഏറ്റുമുട്ടൽ നടന്നത്.
തീവ്രവാദികൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസും സൈന്യവും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് തീവ്രവാദികളെ വധിച്ചത്. ആറു മണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു. പ്രദേശത്ത് നാട്ടുകാർ സൈന്യത്തിനു നേരെ കല്ലേറ് നടത്തുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഹിസ്ബുൾ മുജാഹുദ്ദീൻ കമാൻഡർ ഫറൂഖ് ആസാദ് നല്ലിയും ഉൾപ്പെടും.
