പെണ്‍സുഹൃത്തിനായി സ്വന്തം കുടുംബാംഗങ്ങളെ കൊല്ലിച്ചു; യുവാവ് പിടിയില്‍

പ്രയാഗ്‌രാജ്:പെണ്‍ സുഹൃത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്വന്തം അച്ഛനും അമ്മയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ വാടക കൊലയാളിയെക്കൊണ്ട് കൊല്ലിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. ധുമാന്‍ഗഞ്ജിലെ പ്രിതംനഗര്‍ കോളനി സ്വദേശികളായ തുള്‍സിദാസ്(65), ഭാര്യ കിരണ്‍(60), മകള്‍ നിഹാരിക (37) മരുമകള്‍ പ്രിയങ്ക എന്നിവരാണ് കൊല്ലപ്പെട്ടത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ സിസിടിവി കാമറ നശിപ്പിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകന്‍ ആതിഷ് കുടുങ്ങിയത്. വാടക കൊലയാളിയെ ഉപയോഗിച്ചാണ് ബന്ധുക്കളെ കൊലപ്പെടുത്തിയതെന്ന് ആതിഷ് പോലീസിനോടു കുറ്റം സമ്മതിച്ചു. സുഹൃത്ത് രഞ്ജന ശുക്ലയുടെ നിര്‍ദേശപ്രകാരമാണ് കൊലനടത്തിയതെന്ന് ആതിഷ് പോലീസിനു മൊഴി നല്‍കി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ വാടക കൊലയാളി അനുജ് ശ്രിവാസ്തവ, ഉമേന്ദ്ര ദ്വിവേദി എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണം, ഒരു ലക്ഷം രൂപ, മൊബൈല്‍ ഫോണ്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി, കാര്‍ എന്നിവയും പ്രതികളില്‍ നിന്നും പ്രയാഗ്‌രാജ് പോലീസ് കണ്ടെടുത്തു.