ബാങ്കുകളിൽ നിന്നും കോടികൾ വായ്പയെടുത്ത സംഘം രാജ്യം വിട്ടതായി പരാതി
ന്യൂഡൽഹി: എസ്ബിഐ ഉൾപ്പടെ നിരവധി ബാങ്കുകളിൽ നിന്നും 400 കോടിയിലധികം രൂപ വായ്പയെടുത്ത സംഘം രാജ്യം വിട്ടതായി റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ്മതി അരി കയറ്റുമതി ചെയ്യുന്ന രാംദേവ് ഇന്‍റർനാഷണൽ ലിമിറ്റഡിന്‍റെ ഉടമകളെയാണ് 2016 മുതൽ കാണാതായിരിക്കുന്നത്. എസ്ബിഐയിൽ നിന്നും 173.11 കോടി, കാനറ ബാങ്കിൽ നിന്നും 76.09 കോടി, യൂണിയൻ ബാങ്കിൽ നിന്നും 64.31 കോടി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 51.31 കോടി, കോർപറേഷൻ ബാങ്കിൽ നിന്നും 36.91 കോടി, ഐഡിബിഐ ബാങ്കിൽ നിന്നും 12.27 കോടി എന്നിങ്ങനെയാണ് ഇവർ വായ്പയെടുത്തത്.
2016ൽ കന്പനിയെ നിഷ്‌ക്രിയ ആസ്ഥിയായി തരംതിരിച്ചിരുന്നു. നാലു വർഷങ്ങൾക്കു ശേഷം ഫെബ്രുവരി 25ന് എസ്ബിഐ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഏപ്രിൽ 28ന് സിബിഐ കേസ് ഫയല്‍ ചെയ്തു. കന്പനി ഉടമകളായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത, പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പൊതുപ്രവർത്തകർ എന്നിവർക്കെതിരെ വിശ്വാസ വഞ്ചന, കള്ള ഒപ്പിടൽ, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. ലിക്വിഡിറ്റി പ്രശ്‌നങ്ങൾ കാരണം കന്പനിയുടെ അക്കൗണ്ട് 27− 01− 2016ൽ നിഷ്‌ക്രിയ ആസ്ഥിയായി മാറിയിരുന്നു. 173.11 കോടി രൂപ കുടിശികയുമുണ്ടായിരുന്നു.

