ആർ.എസ്.എസിന്റെ അച്ചടക്കവും സംഘടനാ ശക്തിയുമാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണം: മോഹൻ ഭാഗവത്
ശാരിക
നാഗ്പൂർ: ആർ.എസ്.എസിന്റെ അച്ചടക്കവും സംഘടനാ ശക്തിയുമാണ് ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) വിജയത്തിന് കാരണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി. നൂറ്റാണ്ടുകളായി ഹിന്ദു ധർമ്മം സംരക്ഷിക്കുന്നതിൽ ആർ.എസ്.എസ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂർ രേഷിംബാഗ് മൈതാനത്ത് നടന്ന ആർ.എസ്.എസിന്റെ വിജയദശമി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക അധിനിവേശങ്ങൾക്ക് ശേഷം ഹിന്ദു മതത്തെ സംരക്ഷിക്കാൻ സംഘടനയുടെ സുസ്ഥിരമായ സാംസ്കാരികവും സംഘടനാപരവുമായ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഘത്തിന്റെ അച്ചടക്കവും സംഘടനാ ശക്തിയുമാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആ സുസ്ഥിരമായ പരിശ്രമം ഇല്ലായിരുന്നുവെങ്കിൽ നൂറ്റാണ്ടുകളായി മതം തകരാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും പറഞ്ഞു.
പരിപാടിക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെയും ഭാഗവത് സംസാരിച്ചു. ദുഷ്ടശക്തികൾ ഇന്ത്യയെയും സംഘിനെയും തകർക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭരണമാറ്റം കൊണ്ട് സാഹചര്യങ്ങൾ മാറും എന്ന് കരുതുന്നത് തെറ്റാണെന്നും, പ്രക്ഷോഭങ്ങൾ കൊണ്ടല്ല മറിച്ച് സമൂഹത്തിനുള്ളിൽ നിന്നാണ് പ്രശ്നങ്ങൾക്കുള്ള പരിഹാരം ഉണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രേരിതമായ പ്രക്ഷോഭങ്ങൾ രാജ്യത്ത് സംഘർഷവും അരാജകത്വവും സൃഷ്ടിക്കാനേ ഉപകരിക്കൂ എന്നും ഭാഗവത് കൂട്ടിച്ചേർത്തു. എസ്.ഐ.ആർ നടപടികളിലെ ക്രമക്കേടുകൾ ആരോപിച്ച് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ‘ഭരണമാറ്റത്തിനായുള്ള പോരാട്ടമായി’ മാറിയെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞതിന് പിന്നാലെയാണ് ഭാഗവതിന്റെ ഈ പരാമർശം.
േ്ിേ്ി

