നീതി നിർവഹണ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അരവിന്ദ് കേജരിവാൾ
ന്യൂഡൽഹി: ഹൈദരാബാദിൽ മാനഭംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്നതിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. നീതി നിർവഹണ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. പോലീസ് നടപടിയിൽ ജനങ്ങൾ കൈയടിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും കേജരിവാൾ പറഞ്ഞു. സ്ത്രീകൾ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുകയാണ്. ബലാത്സംഗക്കേസുകൾ വളരെ വൈകിയാണ് വെളിച്ചത്ത് വരുന്നത്. ഉന്നവോയാ ഹൈദരാബാദോ ആകട്ടെ, ആളുകൾ വളരെ പ്രകോപിതരാണ്. അതിനാലാണ് പോലീസ് നടപടികളിൽ ആളുകൾ ആഹ്ലാദം പ്രകടിപ്പിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ ആളുകൾക്ക് വിശ്വാസം നഷ്ടപെട്ടത് ആശങ്കപ്പെടുത്തുന്നുണ്ട്. നീതിന്യായവ്യവസ്ഥയെ ശക്തിപ്പെടുത്താൻ എല്ലാ സർക്കാരുകളും നടപടി എടുക്കണമെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.

