നാല് പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ന്യൂഡൽഹി: ഹൈദരാബാദിൽ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ച കൊന്ന കേസിലെ നാല് പ്രതികളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എഎസ്പിയുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തും. വിഷയത്തിൽ തെലുങ്കാന പോലീസ് വേണ്ട വിധ ജാഗ്രത പുലർത്തിയില്ലെന്ന് കമ്മീഷൻ പറഞ്ഞു. വ്യാഴാഴ്ച രാത്രി ദേശീയപാത 44−ൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികൾ കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരെയാണ് പോലീസ് വെടിവെച്ചു കൊന്നത്. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതികൾ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നൽകുന്ന വിവരം. കഴിഞ്ഞ മാസം 28−നാണ് സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ മുഖ്യപ്രതി അടക്കം നാലു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

