മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിൽ വിധി നാളെ ; സുപ്രീംകോടതിയിൽ വാദം പൂർത്തിയായി
ന്യൂഡൽഹി: മഹാരാഷ്ട്ര കേസിൽ സുപ്രീംകോടതിയിൽ വാദം പൂര്‍ത്തിയായി. വിശ്വാസ വോട്ടെടുപ്പ് എപ്പോൾ വേണമെന്ന കാര്യത്തിലെ ഉത്തരവ് നാളെ പത്തരക്ക് പറയാമെന്ന് സുപ്രീംകോടതി. വിശദമായ വാദം കേട്ടാണ് സുപ്രീംകോടതി തീരുമാനമെടുത്തത്. 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന കോൺഗ്രസ് എൻസിപി കക്ഷികൾ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ടാഴ്ചത്തെ സമയം വേണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ശിവസേന എൻസിപി കോൺഗ്രസ് സഖ്യത്തിന്‍റെ ആവശ്യം കൊഴിഞ്ഞു പോക്ക് ഭയന്നാണെന്നും ബിജെപി വാദിച്ചു.
വിശദമായ വാദ പ്രതിവാദങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപ്രീംകോടതിയിൽ ഉണ്ടായത്. മൂന്നംഗ ബെഞ്ചിന് മുന്നിൽ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ ഹാജരായി. ദേവേന്ദ്ര ഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുകൊണ്ട് ഗവർണർ നൽകിയ ഔദ്യോഗിക കത്ത് ഹാജരാക്കാൻ സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഈ കത്ത് കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണറുടെ സെക്രട്ടറിക്കും വേണ്ടി ഹാജരായ തുഷാര്‍ മേത്ത സുപ്രീംകോടതിയിൽ ഹാജരാക്കി. മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ തന്നെ ഗവര്‍ണറുടെ കത്ത് കൈയിലുണ്ടെന്നും, തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലുണ്ടായ സംഭവങ്ങൾ വിശദീകരിക്കാൻ സമയം വേണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
54 പേരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നൽകിയ കത്ത് തുഷാര്‍ മേത്ത സുപ്രീംകോടതിയിൽ വായിച്ചു. എൻ.സി.പിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ടും കത്തിലുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്നും രേഖകൾ വ്യാജമല്ലെന്നും ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുൾ റോഹ്തഗി വാദിച്ചു. പവാര്‍ കുടുംബത്തിലെ തര്‍ക്കങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് റോഹ്തഗി കൂട്ടിച്ചേർത്തു. അജിത് പവാർ നൽകിയ കത്തിന് വിലയില്ലെന്ന് ശിവസേനയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. 154 പേർ ഒപ്പിട്ട് സത്യവാങ്മൂലം കപിൽ സിബൽ കോടതിയിൽ നൽകി. രാജ്ഭവനിലല്ല സഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന് ജസ്റ്റീസ് ഖന്നയും കോടതിയിൽ വാദിച്ചു.

