എം.പിമാരുടെ മൈക്കുകളില്‍ നിന്ന് പുകയുയർന്നു; രാജ്യസഭ 15 മിനിറ്റ് നിര്‍ത്തിവച്ചു


ന്യൂഡൽഹി: എം.പിമാരുടെ മൈക്കുകളിൽ നിന്ന് പുകയുയർന്നത് രാജ്യസഭയിൽ പരിഭ്രാന്തി പരത്തി. ബി.ജെ.പി. എം.പിമാരായ ശിവ്പ്രതാപ് ശുക്ല, പർഷോത്താം രുപാല എന്നിവരുടെ മൈക്കുകളിൽ നിന്നാണ് പുകയുയർന്നത്. ഇതിനെതുടർന്ന് രാജ്യസഭ 15 മിനിറ്റ് നിർത്തിവെച്ചു. തിങ്കളാഴ്ച സഭാസമ്മേളനം തുടരുന്നതിനിടെ രാവിലെ 11 മണിയോടെയാണ് സഭാ ഹാളിൽ പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം തീപ്പിടുത്തമാണെന്നാണ് കരുതിയെങ്കിലും മൈക്കുകളിൽനിന്നാണ് പുകയുയർന്നതെന്ന് പിന്നീട് കണ്ടെത്തി. തുടർന്ന് 11.24 വരെ സഭ നിർത്തിവെയ്ക്കുകയാണെന്ന് അദ്ധ്യക്ഷൻ അറിയിക്കുകയായിരുന്നു. പാപ്പരത്ത നിയമ ഭേദഗതി ബിൽ, ക്രമപ്രകാരമല്ലാത്ത നിക്ഷേപങ്ങൾ നിരോധിക്കുന്നതിനുള്ള ബിൽ, മുത്തലാഖ് ബിൽ തുടങ്ങിയവരാണ് രാജ്യസഭ തിങ്കളാഴ്ച പരിഗണിക്കുന്നത്. ഇതിനിടെ ഉന്നാവോ പെൺകുട്ടിക്ക് സംഭവിച്ച വാഹനാപകടം ചർച്ച ചെയ്യണമെന്നും ആവശ്യമുയർന്നു. സമാജ് വാദി എം.പി. രാംഗോപാൽ യാദവാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്. തുടർന്ന് ബഹളമുണ്ടാവുകയും ഉച്ചയ്ക്ക് 12 മണി വരെ സഭ വീണ്ടും നിർത്തിവെയ്ക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed