വിമാനത്തിൽ പക്ഷി ഇടിച്ചു:അപകടം ഒഴിവാക്കി വിമാനം സുരക്ഷിതമായി നിലത്തിറക്കി പൈലറ്റ്
ന്യൂഡൽഹി: പക്ഷി ഇടിച്ചതിനെ തുടർന്ന് യന്ത്രത്തകരാർ സംഭവിച്ച വിമാനം സുരക്ഷിതമായി നിലത്തിറക്കിയ യുവ പൈലറ്റിനെ പ്രശംസിച്ച് വ്യോമസേന. ഇന്ധന ടാങ്കും പരിശീല ബോംബുകളും വിമാനത്തിൽ നിന്നും വേർപെടുത്തിയാണ് പൈലറ്റ് അപകടം ഒഴിവാക്കിയത്. ഇന്ധന ടാങ്കും ബോംബുകളും ജനവാസം ഇല്ലാത്ത മേഖലയിൽ ഉപേക്ഷിച്ചതും പ്രശംസയ്ക്കു കാരണമായി. വ്യോമസേനയുടെ ജാഗ്വാർ വിമാനത്തിൽ പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൈലറ്റിന്‍റെ മനസാന്നിധ്യംമൂലമാണ് വൻ അപകടം ഒഴിവാക്കാനായത്.
വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ അംബാല വ്യോമകേന്ദ്രത്തിലായിരുന്നു സംഭവം. വ്യോമകേന്ദ്രത്തിൽ നിന്നും വിമാനം പറന്നുയർന്ന ഉടനെ പക്ഷി ഇടിച്ചു. ഇതോടെ വിമാനത്തിന്‍റെ ഒരു എൻജിൻ തകരാറിലായി. മനസാന്നിധ്യം നഷ്ടപ്പെടാതെ പൈലറ്റ് ഉടൻ തന്നെ അധിക ഇന്ധന ടാങ്കും 10 കിലോ ഭാരമുള്ള ബോംബ് പോഡുകളും വിമാനത്തിൽനിന്നും വേർപെടുത്തി. റൺവേയുടെ സമീപത്തെ കുറ്റിക്കാട്ടിലാണ് ഇവ വീണത്. ഇതോടെ വലിയ സ്ഫോടനത്തോടെ തീ പടർന്നു. പിന്നീട് പൈലറ്റ് വിമാനം അംബാല വ്യോമകേന്ദ്രത്തിൽ തന്നെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.

