ഹൗഡിനിയെ അനുകരിച്ച് നദിയിൽച്ചാടിയ മാജിക്കുകാരൻ വെള്ളത്തിൽ മുങ്ങിമരിച്ചതായി സംശയം
കൊൽക്കത്ത: ഹൂഗ്ലി നദിയിൽ ‘അപ്രത്യക്ഷമാകൽ’ മാജിക് അവതരിപ്പിക്കുന്നതിനിടെ മാജിക്കുകാരൻ വെള്ളത്തിൽ മുങ്ങിമരിച്ചതായി സംശയം. മാൻഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചൽ ലാഹിരിയെ (41) ആണു കാണാതായത്. 100 വർഷം മുമ്പ് ഹാരി ഹൗഡിനി പ്രസിദ്ധമാക്കിയ ‘കാണാതാകൽ’ മാജിക് അനുകരിക്കവെയാണു ചഞ്ചൽ അപകടത്തിൽപ്പെട്ടത്. ബന്ധനസ്ഥനായി കൂട്ടിലടച്ച മജീഷ്യനെ വെള്ളത്തിൽ താഴ്‍ത്തുന്നതും വെള്ളത്തിനടിയിൽവച്ച് രക്ഷപ്പെടുന്നതുമാണു മാജിക്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.35ന് ആൾക്കൂട്ടത്തെ സാക്ഷിയാക്കി ഹൗറ പാലത്തിനു സമീപത്തായി മാജിക് അരങ്ങേറിയതെന്നാണു റിപ്പോർട്ട്. കാലുകൾ കെട്ടിയിട്ട്, വായ മൂടിയ ശേഷം ക്രെയിൻ വഴി നദിയിലേക്ക് ഇട്ടെന്നാണു ചിലർ പറയുന്നത്. ചഞ്ചൽ പാലത്തിൽ നിന്നും നേരെ നദിയിലേക്കു ചാടുകയായിരുന്നെന്നും പറയപ്പെടുന്നു.
നദിക്കടിയിൽ നിന്നും കെട്ടുകളഴിച്ചു രക്ഷപ്പെട്ടു കരയിലേക്കു നീന്തി വരുമെന്നാണ് ചഞ്ചൽ പറഞ്ഞിരുന്നത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ചഞ്ചലിനെ കാണാതിരുന്നതോടെ ജനക്കൂട്ടം ആശങ്കയിലായി. വിവരമറിഞ്ഞു നോർത്ത് പോർട്ട് പോലീസ് സ്ഥലത്തെത്തി. നീന്തൽ വിദഗ്ധരും ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം തുടങ്ങി. ഇതുവരെയും ചഞ്ചലിനെ കണ്ടുകിട്ടിയില്ലെന്ന് പോലീസ് അറിയിച്ചു. ബോട്ടിലോ കപ്പലിലോ മാജിക് നടത്തുമെന്നു പറഞ്ഞാണു കൊൽക്കത്ത പോലീസിന്റെയും കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെയും അനുമതി തേടിയത്. എന്നാൽ, നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി അതിസാഹസികമായാണു ചഞ്ചൽ മാജിക് അവതരിപ്പിച്ചതെന്നു പോർട്ട് ട്രസ്റ്റ് ആരോപിച്ചു.
2013ൽ ഇതേ മാജിക് നടത്തിയപ്പോൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. സോനാർപുർ സ്വദേശിയായ ചഞ്ചൽ, ലോകമെമ്പാടും 2500ലേറെ മാജിക് ഷോ നടത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്.

