ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 80 ആയി
പട്‍ന: ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 80 ആയി. ബിഹാറിലെ മുസഫർപൂരിലാണ് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ മുസഫർപൂർ സന്ദർശിക്കും.
എല്ലാ മരണങ്ങളും മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലും കെജ്‍രിവാൾ മൈത്രിസദൻ ആശുപത്രിയിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനുവരി മുതൽ മുസഫർപൂരിൽ മാത്രം മസ്തിഷ്ക ജ്വരം ബാധിച്ച് 134 കുഞ്ഞുങ്ങളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ മാത്രം 119 കുഞ്ഞുങ്ങൾ കടുത്ത പനിയും മസ്തിഷ്ക ജ്വരവും ബാധിച്ച് ചികിത്സ തേടിയെത്തി. രണ്ട് ദിവസം മുമ്പ് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 48 ആയിരുന്നു. ഇതാണ് കുത്തനെ കൂടിയിരിക്കുന്നത്. കെജ്‍രിവാൾ മൈത്രിസദനിലെ അഞ്ച് കുട്ടികളും ഗുരുതരാവസ്ഥയിൽ തുടരുന്നു.
വ്യാഴാഴ്ച കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളടങ്ങിയ ഏഴംഗ വിദഗ്‍ധ സംഘം രണ്ട് ആശുപത്രികളും സന്ദർശിച്ചിരുന്നു. കുട്ടികൾക്കായി പ്രത്യേക വാർഡ് വേണമെന്നും കുട്ടികളുടെ സാംപിളുകൾ പരിശോധിക്കാൻ പ്രത്യേക ലാബ് തുറക്കണമെന്നും വിദഗ്‍ധ സംഘം നിർദേശിച്ചു.
ഇത്തരം രോഗം ബാധിച്ചെത്തുന്ന കുട്ടികൾക്കുള്ള ചികിത്സയ്ക്കായി വിദഗ്‍ധ സംഘം പ്രത്യേക ചികിത്സാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കുട്ടികളുടെ റിപ്പോർട്ട് മാത്രം പരിശോധിക്കാനായി ലാബ് തുറക്കുന്നതോടെ പെട്ടെന്ന് ഫലം പരിശോധിച്ച് വിദഗ്‍ധ ചികിത്സ ഉറപ്പാക്കാനാകും'', മുസഫർപൂർ സിവിൽ സർജൻ ഡോ. ശൈലേഷ് കുമാർ വ്യക്തമാക്കി.

