വായു മുന്നറിയിപ്പ്; ഗുജറാത്തൽ 10000 പേരെ ഒഴിപ്പിച്ചു: തീരമേഖലയിൽ ജാഗ്രത
ഗാന്ധിനഗർ: അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതിനെ തുടർന്ന് ഗുജറാത്തിന്‍റെ തീരമേഖലയിൽ അതീവ ജാഗ്രത. വ്യാഴാഴ്ച പുലർച്ചയോടെ തീരം തൊടുന്ന വായു ചുഴലിക്കാറ്റ് പോർബന്തർ, ബഹുവദിയു, വേരാവൽ, മഹുവ, ദിയു എന്നി തീരപ്രദേശങ്ങളിൽ വീശിയടിക്കുമെന്നാണു മുന്നറിയിപ്പ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കച്ച് ജില്ലയിൽനിന്നു പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. കര നാവിക തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്തു വിന്യസിച്ചു. വ്യോമസേനയുടെ സി17 വിമാനം ജമുനാനഗർ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ വൈദ്യസംഘത്തെയും സജ്ജമാക്കി. കേരളം വായു ചുഴലിക്കാറ്റിന്‍റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ, ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താൽ ചില ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ 13 വരെ കടലിൽ പോകരുത്. ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്തു തിരിച്ചെത്തണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വ്യാഴാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്ചയും ഇടുക്കി, മലപ്പുറം ജില്ലകളിൽ ശനിയാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു.

