പ്രസാദത്തിൽനിന്ന് ഭക്ഷ്യവിഷബാധ : 11 മരണം : രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു : കർണാടകയിലെ സുലിവഡി ഗ്രാമത്തിലെ കിച്ചു മറാൻഡ ക്ഷേത്രത്തിൽ ഭക്ഷ്യവിഷബാധയേറ്റ് 11 പേർ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. 82 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭക്ഷണത്തിൽ മനഃപൂർവം വിഷം കലർത്തിയെന്ന സംശയത്തിലാണ് പൊലീസ്. ഇനിയും അഞ്ചുപേരെക്കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രസാദം കഴിച്ച നിരവധി പക്ഷികളും ചത്തിട്ടുണ്ട്.
കുറ്റക്കാർ ആരായിരുന്നാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പുട്ടരംഗ ഷെട്ടി അറിയിച്ചു. പൊലീസ് സംഭവം അന്വേഷിക്കുകയാണ്. രണ്ട് വിഭാഗങ്ങൾ തമ്മിൽ ഇവിടെ തർക്കം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണോ സംഭവമെന്നും അന്വേഷിക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ മന്ത്രി സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ചെലവും സർക്കാർ വഹിക്കും.

