ഇഷയുടെ വിവാഹാഘോഷം : ഗംഭീര സംഗീത പ്രകടനവുമായി ബിയോൺസ്


ഉദയ്പുർ : മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി പോപ് താരം ബിയോൺസിന്റെ ഗംഭീര സംഗീത പ്രകടനം. രാജസ്ഥാനിലെ ഉദയ്പുരിൽ ഇന്നലെ നടന്ന രണ്ടാമത്തെ വിവാഹപൂർവ ആഘോഷത്തിലാണ് ബിയോൺസ് സംഗീതനിശ അരങ്ങേറിയത്.

യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനും ബോളിവുഡിൽനിന്ന് ആമിർ ഖാൻ – കിരൺ റാവു, പ്രിയങ്ക ചോപ്ര – നിക്ക് ജൊനാസ്, അഭിഷേക് ബച്ചൻ – ഐശ്വര്യ റായി ജോഡികളും സൽമാൻ ഖാൻ, വിദ്യ ബാലൻ എന്നിവരും ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറും ലക്ഷ്മി മിത്തൽ അടക്കമുള്ള വൻ വ്യവസായികളും ആഘോഷങ്ങൾക്കായി എത്തിയിട്ടുണ്ട്. ആഘോഷം നടക്കുന്ന ഹോട്ടലിൽ പരമ്പരാഗത കലാരൂപങ്ങളും വസ്ത്രങ്ങളും ചിത്രങ്ങളും അടങ്ങുന്ന സ്വദേശി ബസാറും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകളെ വിവാഹം ചെയ്യുന്നത് വ്യവസായിയായ ആനന്ദ് പിരമൽ ആണ്. ബുധനാഴ്ചയാണ് വിവാഹം. 1200 അതിഥികളാണ് ആകെയുള്ളത്.

അംബാനി കുടുംബത്തിലെ വിവാഹാഘോഷത്തെ തുടർന്ന് ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ ശനിയാഴ്ച റെക്കോർഡ് വിമാന ഗതാഗതം. 24 മണിക്കൂറിൽ 1007 തവണയാണ് വിമാനങ്ങൾ ഇവിടെനിന്ന് പറന്നുയരുകയോ ഇറങ്ങുകയോ ചെയ്തത്. ഇതിനു മുൻപുള്ള റെക്കോർഡ് ഇക്കഴിഞ്ഞ ജൂണിൽ 1003 തവണയായിരുന്നു.

ഇഷ അംബാനിയുടെ വിവാഹാഘോഷത്തെ തുടർന്നുള്ള വിമാന സർവീസുകളാണ് എണ്ണം കൂട്ടിയതെന്ന് ഔദ്യോഗിക അറിയിപ്പില്ലെങ്കിലും ഇതാണ് കാരണമെന്ന് വിമാനത്താവള വൃത്തങ്ങൾ പറയുന്നു. ആഘോഷത്തിനായി ഉദയ്പുരിലേക്ക് വെള്ളി, ശനി ദിവസങ്ങളിലായി 150 ചാർട്ടേഡ് വിമാനങ്ങളിലും 44 സ്ഥിരം സർവീസുകളിലുമായാണ് അതിഥികളെ എത്തിച്ചത്.

You might also like

  • Straight Forward

Most Viewed