വാ­യു­മലി­നീ­കരണം : പ്രധാ­നമന്ത്രി­യു­ടെ­ ഓഫീ­സി­ൽ 140 എയർ പ്യൂ­രി­ഫയറു­കൾ വാ­ങ്ങി­


ന്യൂഡൽഹി : രൂക്ഷമായ വായുമലിനീകരണത്തെ തുടർന്ന് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ 140 എയർ പ്യൂരിഫയറുകൾ വാങ്ങി. വായുമലിനീകരണ തോതിൽ ലോകത്തിൽ തന്നെ മുൻനിരയിലെത്തിയ ഡൽഹിയിലെ മറ്റ് ആറ് സർക്കാർ ഓഫീസുകളിലും എയർ പ്യൂരിഫയറുകൾ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹിയിൽ വായു മലിനീകരണം തടയാൻ പ്രധാനമന്ത്രി കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളുന്നില്ലെന്ന ആരോപണം നിലനിൽക്കെയാണ് ഈ റിപ്പോർട്ടുകൾ പുറത്തായിരിക്കുന്നത്.

ഡൽഹിയിൽ ഒരു ഗ്യാസ് ചേന്പറാണെന്ന് കഴിഞ്ഞ വർഷം മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ മലിനീകരണ കണക്കുകൾ ഉദ്ധരിച്ച് പറഞ്ഞിരുന്നു. ഇന്ത്യയിൽ 10% പേരുടെയും രോഗങ്ങൾക്ക് കാരണം വായു മലിനീകരണമാണെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ ലാൻസെറ്റ് 2016ൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറഞ്ഞത്. ഉയർന്ന വായുമലിനീകരണം മൂലം ഡൽഹിയിൽ ഏതാനും വർഷങ്ങളായി ശൈത്യകാലത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് സാധാരണമാണ്. എന്നാൽ 45 സ്കൂളുകളെ നിയന്ത്രിക്കുന്ന സർക്കാർ ഓഫീസ് പറഞ്ഞത് തങ്ങൾ എയർ പ്യൂരിഫയറുകൾ ഒന്നും തന്നെ വാങ്ങിയിട്ടില്ലെന്നും, ഇനി വാങ്ങാൻ ഉദ്ദേശമില്ലെന്നുമാണ്.

പ്യൂരിഫയറുകൾ വാങ്ങിയ ഓഫീസുകൾ എയർകണ്ടീഷനിംഗ് ചെയ്തതാണ് . എന്നാൽ സ്കൂളുകളിൽ എ.സിയില്ലാത്തതിനാൽ എയർ പ്യൂരിഫയറുകൾ വെക്കുന്നത് പ്രായോഗികമാവില്ലെന്ന് കേന്ദ്രീയ വിദ്യാലയം പ്രതിനിധി അറിയിച്ചു. സ്കൂൾ കുട്ടികളെ വായുമലിനീകരണത്തിൽ നിന്ന് രക്ഷിക്കാൻ സ്കൂൾ അടയ്ക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസോ മറ്റ് ആറ് സർക്കാർ സ്ഥാപനങ്ങളോ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡൽഹിയിൽ എയർ പ്യൂരിഫയറുകളുടെ വിൽപ്പനയിൽ 2017ൽ 3.5% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed