സാവിത്രിഭായ് ഫൂലെയുടെ പ്രതിമക്കു നേരെയും ആക്രമണം
ഹൈദരാബാദ് : തെലുങ്കാനയിലും പ്രതിമകൾക്കു നേരെ ആക്രമണം. സാവിത്രിഭായ് ഫൂലെയുടെ പ്രതിമയാണ് തകർത്തത്. തെലുങ്കാന സിർക്കില്ല ജില്ലയിലെ സുദ്ദാലയിൽ സ്‌കൂൾ പരിസരത്ത് സ്ഥിതി ചെയ്തിരുന്ന പ്രതിമയ്ക്കു നേരെയായിരുന്നു ആക്രമണം. തിങ്കളാഴ്ച രാത്രിയിലാണ് ആക്രമണം നടന്നതെന്നാണ് പോലീസ് നിഗമനം. ചുറ്റുമതിൽ ഇല്ലാത്തതിനാൽ അക്രമികൾക്ക് അനായാസം സ്കൂൾ വളപ്പിൽ കടക്കാനും പ്രതിമ നശിപ്പിക്കാനും സാധിച്ചു.
പ്രതിമ തകർത്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.എസ്.പി മണ്ധൽ റവന്യൂ ഓഫീസിൽ പരാതി നൽകി. പ്രതിമ തകർത്തത് ദളിതർക്കെതിരായ ആക്രമണമാണ്. ഇത് ഞങ്ങൾ സഹിക്കില്ല. പോലീസ് ഉടൻ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണം. ബി.എസ്.പി നേതാവ് ലിംഗന്പള്ളി മധുകർ പറഞ്ഞു. ത്രിപുരയിൽ ലെനിന്‍റെ പ്രതിമ തകർക്കപ്പെട്ടതിന് ശേഷം പെരിയാറിന്‍റെയും അംബേദ്ക്കറുടെയും ഉൾപ്പെടെയുള്ളവരുടെ പ്രതിമകൾ തകർത്തിരുന്നു.

