ഹ്രസ്വകാല ജാമ്യച്ചീട്ട് നൽകുന്ന രീതി ആർ.ബി.ഐ നിർത്തലാക്കി
ന്യൂഡൽഹി : ഇറക്കുമതി ആവശ്യങ്ങൾക്കു വേണ്ടി ബാങ്കുകൾ ലെറ്റർ ഓഫ് അണ്ടർടേക്കിങ് (ഹ്രസ്വകാല ജാമ്യച്ചീട്ട്) നൽകുന്ന രീതി ആർ.ബി.ഐ നിർത്തലാക്കി. 11,400 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ആർ.ബി.ഐയുടെ നടപടി.
പി.എൻ.ബി നൽകിയ എൽ.ഒ.യു ഉപയോഗിച്ചാണ് ഇന്ത്യൻ ബാങ്കുകളുടെ വിദേശത്തുള്ള ശാഖയിൽനിന്ന് നീരവ് മോദിയും മെഹുൽ ചോക്സിയും പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയത്. ശേഷം ഇവർ നാടുവിടുകയും ചെയ്തതോടെ തുകയുടെ മുഴുവൻ ബാധ്യതയും പി.എൻ.ബിയുടെ മേൽ വരികയായിരുന്നു.ഇതേ തുടർന്നാണ് എൽ.ഒ.യു നൽകുന്നത് നിർത്തലാക്കാൻ ആർ.ബി.ഐ തീരുമാനിച്ചത്. നയംഉടൻതന്നെ നിലവിൽ കൊണ്ടുവരുമെന്ന് ആർ.ബി.ഐ പത്രക്കുറിപ്പിൽ പറഞ്ഞു. ഒരു ബാങ്ക്, തന്റെ ഉപഭോക്താവിന്റെ ഇറക്കുമതി ആവശ്യത്തിനു വേണ്ടി മറ്റൊരു ഇന്ത്യൻ ബാങ്കിന്റെ വിദേശത്തുള്ള ശാഖയിൽ നിന്ന് ഹ്രസ്വകാല ആവശ്യത്തിന്(ഇറക്കുമതി)പണം സമാഹരിക്കാൻ ജാമ്യം നിൽക്കുകയാണ് എൽ.ഒ.യുവിലൂടെ ചെയ്യുന്നത്. എൽ.ഒ.യുവിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന പണം വിദേശ കറൻസിയായിരിക്കും. ഇത് ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാടുകാരുമായി വിനിമയം നടത്തുകയുമാകാം.

