ബീഫ് നിരോധിക്കാൻ കഴിയില്ലെന്ന് സുനിൽ ദേവ്ധർ
അഗർത്തല : ത്രിപുരയിൽ ബീഫ് നിരോധനം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ബി.ജെ.പി നേതാവ് സുനിൽ ദേവ്ധർ. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും ബീഫ് ഉപയോഗിക്കുന്പോൾ ബി.ജെ.പിക്ക് അത് നിരോധിക്കാൻ കഴിയില്ലെന്ന് ദേവ്ധറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും ബീഫിന് എതിരാണെങ്കിൽ പ്രദേശത്ത് സർക്കാർ ബീഫ് നിരോധനം ഏർപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ബീഫ് സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. ഇതിനാൽ ബീഫ് നിരോധിക്കാൻ സർക്കാരിനു പദ്ധതികളില്ല−, ത്രിപുരയിൽ ബി.ജെ.പിയുടെ വിജയത്തിനു ചുക്കാൻ പിടിച്ച ആർ.എസ്.എസ് നേതാവായ സുനിൽ ദേവ്ധർ പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മുസ്ലിം−ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയാണെന്നും ഇവിടെ ഹിന്ദുക്കളും മാംസം ഉപയോഗിക്കാറുണ്ടെന്നും പറഞ്ഞ ദേവ്ധർ, ബീഫ് നിരോധിക്കാത്തതിന് കാരണം ഇതാണെന്നും ചൂണ്ടിക്കാട്ടി.

