ചെങ്ങന്നൂരിൽ യു.ഡി.എഫിന്റേത് ഹിന്ദുത്വ പ്രീണനമെന്ന് -കോടിയേരി
കോഴിക്കോട് : ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാർഥിത്വം കോൺഗ്രസിന്റെ ഹിന്ദുത്വ പ്രീണനമാണ് വ്യക്തമാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷ്ണുനാഥിനെയും മുരളിയെയും സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്. വരും ദിവസങ്ങളിൽ ഇത് മനസ്സിലാവും. യു.ഡി.എഫ് ശിഥിലമായിരിക്കുകയാണ്. ചെങ്ങന്നൂരിൽ എൽ.ഡി.എഫ് വലിയ വിജയം നേടും. കഴിഞ്ഞ ദിവസമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സജി ചെറിയാനെ പാർട്ടി പ്രഖ്യാപിച്ചത്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായ അദ്ദേഹം കേരള സർവ്വകലാശാല യൂണിയൻ കൗൺസിലർ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട്, സി.പി.എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ നടന്നതുപോലുള്ള കർഷക സമരങ്ങൾ കേരളത്തിലില്ലെന്നും ഇവിടെ നടക്കുന്നത് രാഷ്ട്രീയ സമരങ്ങളാണ്.മഹാരാഷ്ട്രയിലെ കർഷകസമരം കർഷക പ്രസ്ഥാനങ്ങൾക്ക് പുതിയ ഉത്തേജനമാണ് നൽകുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

