അന്പലത്തിലെ കാണിക്കവഞ്ചിയിൽ ഐഫോൺ സികസ്

ഹൈദരാബാദ് : പതിവുപോലെ അന്പലത്തിലെ കാണിക്കവഞ്ചി തുറന്ന് സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തിയ കമ്മിറ്റി ഭാരവാഹികൾ ശരിക്കും ഞെട്ടി. കാരണം നാണയ
ത്തുട്ടുകൾക്കിടയിൽ കിടന്നിരുന്നത് ബ്രാൻഡ് ന്യൂ ആപ്പിൾ ഐഫോൺ സികസ് ആണ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പ്രസിദ്ധമായ സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. എന്നാൽ എത്ര ദിവസം മുന്പാണ് ഫോൺ കാണിക്ക വഞ്ചിയിൽ ഇട്ടതെന്നോ ആരാണ് ഇട്ടതെന്നോ വ്യക്തമല്ലെന്നാണ് ക്ഷേത്ര അധികൃതരുടെ വിശദീകരണം. മൂന്ന് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴചയാണ് കാണിക്കവഞ്ചി തുറന്നത്. എന്നാൽ അതിനുള്ളിൽ നിന്നും കവർ പോലും പൊട്ടിക്കാതെ ഐഫോൺ സികസ് കണ്ടെത്തിയത് തങ്ങളെ ഞെട്ടിച്ചെന്നും ക്ഷേത്ര അധികൃതർ പ്രതികരിച്ചു.
ഫോണിന്റെ കവറിനുള്ളിൽ വാറണ്ടി കാർഡ് പോലും ഉണ്ടായിരുന്നു. ആളുകളുടെ കയ്യിൽ നിന്നും അബദ്ധത്തിൽ വഴുതി വീഴുന്ന ഫോണുകൾ കാണിക്കവഞ്ചിയിൽ നിന്നും കിട്ടാറുണ്ടെന്നും എന്നാൽ ഇതാദ്യമായാണ് ഇത്ര വിലകൂടിയ ഫോൺ ഒരാൾ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മൊബൈൽ വ്യാപാരം നടത്തുന്ന ആരെങ്കിലും ആയിരിക്കും ഇത്തരത്തിൽ സംഭാവന നടത്തിയതെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അനുമാനം. സംഭാവനയായി കിട്ടിയ ഫോൺ ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ച് വരികയാണ് ക്ഷേത്ര കമ്മറ്റി. ഇക്കാര്യത്തിൽ സർക്കാർ ഏജൻസികളുടെ അഭിപ്രായവും പരിഗണിക്കുമെന്നും ക്ഷേത്രഭാരവാഹികൾ വ്യക്തമാക്കി. നിലവിൽ ഐഫോൺ സികസിന് 26,000 രൂപയോളം രൂപ വിലയുണ്ട്.