രാമക്ഷേത്രമല്ലാതെ മറ്റൊന്നും അവിടെ നിർമ്മിക്കില്ലെന്ന് ആർ.എസ്.എസ്.

നാഗ്പുർ : അയോധ്യ തർക്കഭൂമി വിഷയത്തിൽ സമവായം എളുപ്പമല്ലെന്നും രാമക്ഷേത്രമല്ലാതെ മറ്റൊന്നും അവിടെ നിർമ്മിക്കില്ലെന്നും ആർ.എസ്.എസ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ കൂടുതൽ പറയുന്നില്ലെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു. ആർ.എസ്.എസിന്‍റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. കഴിഞ്ഞദിവസം ഭയ്യാജി ജോഷിയെ നാലാംവട്ടവും ജനറൽസെക്രട്ടറിയായി പ്രതിനിധിസഭ തിരഞ്ഞെടുത്തിരുന്നു.
സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് ആർ.എസ്.എസിന്‍റെ പ്രതീക്ഷ. ഭൂമിയുടെ അവകാശികളാരെന്നു കോടതി വിധിച്ചാൽ ക്ഷേത്രനിർമാണം ഉടൻ ആരംഭിക്കും. പരസ്പര സഹകരണത്തോടെ ക്ഷേത്രം നിർമിക്കണമെന്നാണ് ആർ.എസ്.എസിന്‍റെ നിലപാടെങ്കിലും അത്ര എളുപ്പമല്ലെന്ന് മനസിലായെന്നും ഭയ്യാജി ജോഷി പറഞ്ഞു. ശ്രീശ്രീ രവിശങ്കറുടെ നേതൃത്വത്തിൽ അയോധ്യതർക്കഭൂമി വിഷയത്തിൽ ചർച്ചകൾ തുടങ്ങിവച്ചെങ്കിലും അവ അത്ര എളുപ്പം പരിഹരിക്കപ്പെടുമെന്നു കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടകത്തിലെ ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ പദവി നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, ഈ ആവശ്യത്തെ ആർ.എസ്.എസ് പിന്തുണയ്ക്കില്ലെന്നായിരുന്നു ഭയ്യാജി ജോഷിയുടെ മറുപടി. അയോധ്യ തർക്കഭൂമി കേസ് മാർച്ച് 14 നു പരിഗണിക്കുന്പോൾ 2.77 ഏക്കർ ഭൂമിയുടെ അവകാശവാദത്തിൽ സുപ്രീംകോടതി വിധി പറയുമെന്നാണു പ്രതീക്ഷ. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ അശോക് ഭൂഷൺ, എസ്.എ. നജീബ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്.