കാനഡ പ്രധാനമന്ത്രിയെയും കുടുംബത്തെയും ഷാരൂഖ് ഖാൻ സന്ദർശിച്ചു
മുംൈബ : ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയേയും കുടുംബത്തെയും സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ സന്ദർശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുംൈബയിൽ വെച്ചായിരുന്നു ഷാരൂഖ് ജസ്റ്റിൻ ട്രൂഡോയെ സന്ദർശിച്ചത്. കാനഡ പ്രധാനമന്ത്രിയും ഭാര്യ സോഫിയ ഗ്രെഗോയർ, മകൾ എല്ല ക്രെയ്സ്, സേവ്യർ ജയിംസ്, ഹാഡ്രിൻ എന്നിവർ ഒരാഴ്ചത്തെ സന്ദർശനത്തിന് ശനിയാഴ്ചയാണ് ഡൽഹിയിൽ എത്തിയത്.
ഇന്ത്യൻ ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിച്ച ജസ്റ്റിൻ ട്രൂഡോയും കുടുംബവും ഷാരൂഖ് ഖാനുമായുള്ള ചിത്രങ്ങൾ ദേശീയ മാദ്ധ്യമങ്ങളാണ് പുറത്ത് വിട്ടത്. പ്രധാനമന്ത്രി ഒരു ഷെർവാണിയും ഭാര്യ വെള്ള നിറത്തിലുള്ള ഇന്ത്യൻ സാരിയുമായാണ് ധരിച്ചിരിക്കുന്നത്. ആഗ്രയിലെ താജ്മഹൽ സന്ദർശിച്ചാണ് ട്രൂഡോ ഇന്ത്യൻ സന്ദർശനത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഗുജറാത്തിലെ സബർമതി ആശ്രമവും ട്രൂഡോ സന്ദർശിച്ചിരുന്നു.
അതേസമയം ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കാനഡ പ്രധാനമന്ത്രിയെ കേന്ദ്ര സർക്കാർ എല്ലാതരത്തിലും അവഗണിച്ചതായി ആരോപണം. ശനിയാഴ്ച രാത്രി ഡൽഹിയിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നില്ല. മോദിക്ക് പകരം കേന്ദ്ര കാർഷിക സഹമന്ത്രി ഗജേന്ദ്ര ഷെഖാവത്താണ് ട്രൂഡോയെ സ്വീകരിച്ചത്. അതേസമയം, ലോകനേതാക്കളുടെ സന്ദർശനത്തിനിടെ എപ്പോഴും മോദിക്ക് അവർക്കൊപ്പം ഉണ്ടായിരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ ഇതിനോട് പ്രതികരിച്ചത്.

