മാധ്യമപ്രവർത്തകന്റെ അമ്മയും മകളും നദിക്കരയിൽ കൊല്ലപ്പെട്ട നിലയിൽ
നാഗ്പുർ : മഹാരാഷ്ട്രയിലെ നാഗ്പുരിൽ മാധ്യമപ്രവർത്തകന്റെ അമ്മയും മകളും കൊല്ലപ്പെട്ട നിലയിൽ. നാഗ്പുരിലെ നദിക്കരയിലാണു ദുരൂഹ സാഹചര്യത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് പ്രാദേശിക പത്രലേഖകൻ രവികാന്ത് കംബ്ലയുടെ മാതാവ് ഉഷ കംബ്ല(52)യെയും ഒരു വയസ്സുകാരിയായ മകൾ രാഷിയെയും കാണാതായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അതിനിടെ, 12 മണിക്കൂറിനുള്ളിൽ നാഗ്പുർ പോലീസ് കേസ് ഒത്തുതീർപ്പാക്കിയെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ഉഷയുടെയും രാഷിയുടെയും ശരീരത്തിൽ സംശയകരമായ മുറിവുകളുണ്ടെന്നും ഞായറാഴ്ച രാവിലെ 10.30 ഓടെ ബഹാദുരയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു. ഉഷ പണം പലിശയ്ക്കു കൊടുക്കാറുണ്ടായിരുന്നുവെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണർ നിലേഷ് ഭർനെ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 5.30ന് ഉഷയും കൊച്ചുമകളും വീടിനു സമീപത്തെ ജ്വല്ലറിയിൽ പോയിരുന്നു. സമയം പിന്നിട്ടിട്ടും ഇവരെ കാണാതിരുന്നതിനെ തുടർന്ന് ഉഷയുടെ ഭർത്താവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ജോലിക്കുശേഷം തിരിച്ചെത്തി രാത്രി പത്തുമണിയോടെയാണ് രവികാന്ത് ഇവരെ കാണാനില്ലെന്ന് പോലീസിൽ അറിയിച്ചതെന്നും ഭർനെ കൂട്ടിച്ചേർത്തു.
അതേസമയം, പവൻപുത്ര സ്വദേശിയായ ഗണേഷ് ഷാഹു (26)നെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. ചിട്ടിക്കാശുമായി ബന്ധപ്പെട്ട ഉഷയും ഷാഹുവും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണു കൊലപാതകമെന്നും ജോയിന്റ് കമ്മീഷണർ ശിവജി ബോട്കെ പറഞ്ഞു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഉഷയെ പടവുകൾക്കു മുകളിൽനിന്നു തള്ളിയിട്ടതിനുശേഷം ഷാഹു കഴുത്തുമുറിക്കുകയായിരുന്നു. സംഭവം കണ്ട രാഷി കരഞ്ഞതിനെ തുടർന്നാണ് അവളെയും കൊലപ്പെടുത്തിയത്. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ ചാക്കിൽക്കെട്ടി നദിക്കരയിൽ കൊണ്ടിട്ടതാണെന്നും ബോട്കെ പറഞ്ഞു.

