നീരവ് മോദി ന്യൂയോർക്കിലെ ഹോട്ടലിൽ ഒളിവിൽ

ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,400 കോടി രൂപ തട്ടിച്ച ശേഷം രാജ്യം വിട്ട രത്ന വ്യാപാരി നീരവ് മോദി അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുണ്ടെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് മാൻഹാട്ടനിലെ ജെ.ഡബ്ല്യൂ മാരിയോട്ട്സ് എസെക്സ് ഹൗസ് എന്ന ആഡംബര ഹോട്ടലിലാണ് നീരവ് മോദി ഒളിവിൽ കഴിയുന്നത്. നീരവ് മോദിയുടെ ലൂക്സ് മാഡിസൺ അവന്യൂ ജൂവലറിയിൽ നിന്നും മീറ്ററുകൾ അകലെയാണ് ഈ ഹോട്ടൽ. അതിനിടെ, നീരവിനെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനായി ഇന്ത്യ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. എന്നാൽ ഇയാളെ തിരികെയെത്തിക്കുന്നത് എളുപ്പമല്ലെന്നാണ് വിവരം.
ജനുവരി അവസാനം തട്ടിപ്പ് സംബന്ധിച്ച പ്രഥമ വിവര റിപ്പോർട്ട് പി.എൻ.ബി സമർപ്പിക്കുന്നതിന് മുന്പ് തന്നെ നീരവ് മോദി രാജ്യം വിട്ടതായാണ് വിവരം. ഇന്ത്യൻ പാസ്പോർട്ടിന് പുറമേ മോദിക്ക് ബൽജിയം പാസ്പോർട്ടുമുണ്ട്. ബൽജിയത്തിലേക്ക് കുടിയേറിയ ഇന്ത്യൻ രത്നവ്യാപാരികളുടെ കുടുംബത്തിലാണ് മോദി ജനിച്ചത്. ബൽജിയത്തിലെ ആന്റ് റൂപിലായിരുന്നു ജനനം.
അതേസമയം, നീരവ് മോദിക്കെതിരായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരാതിയിൽ എൻഫോഴ്സ്മെന്റ് നടത്തുന്ന പരിശോധന ഇന്നും തുടരുകയാണ്. ഹൈദരാബാദ്, ജയ്പൂർ എന്നിവിടങ്ങളിലെ മോദിയുടെ കേന്ദ്രങ്ങളിളാണ്റെയിഡ് നടക്കുന്നത്. ഇന്നലെ രാവിലെ നീരവ് മോദിയുടെ മുംൈബ കുർളയിലെ വസതി, മുംൈബ കാലഘോഡയിലെ ജ്വല്ലറി, ബാന്ദ്ര, ലോവർ പരേൽ ഒാഫീസുകൾ, ഗുജറാത്തിൽ സൂറത്തിലുള്ള മൂന്ന് സ്ഥാപനങ്ങൾ, ഡൽഹി ഡിഫൻസ് കോളനിയിലും ചാണക്യപുരിയിലുമുള്ള ജ്വല്ലറി ഷോറൂമുകൾ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. പണം തട്ടിപ്പ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം നടത്തിയ റെയ്ഡിൽ 5,100 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ജനറൽ മാനേജർ തലത്തിലുള്ള ഉദ്യോഗസ്ഥരെയാണ് സസ്പെൻഡു ചെയ്തിരിക്കുന്നത്.