വി­ദ്യാ­ർ­ത്ഥി­കളെ­ പു­റത്താ­ക്കാ­നു­ള്ള തീ­രു­മാ­നം യു­ഒബി­ പി­ൻ­വലി­ക്കു­ന്നു


മനാമ : പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 160 വിദ്യാർത്ഥികളെ പുറത്താക്കാനുള്ള തീരുമാനം യൂണിവേഴ്സിറ്റി ഓഫ് ബഹ്‌റൈൻ (യു.ഒ.ബി) റദ്ദാക്കി. ഗ്രേഡ് പോയിന്റ് ശരാശരി (ജി.പി.എ) 1ന് താഴെയുള്ള വിദ്യാർത്ഥികളെ പുറത്താക്കാനായിരുന്നു തീരുമാനം. 

പുറത്താക്കൽ നേരിടുന്ന വിദ്യാർത്ഥികളുടെ അപ്പീൽ പരിശോധിച്ചതിന് ശേഷമാണ് തീരുമാനം. ഇവരെ വീണ്ടും രജിസ്റ്റർ ചെയ്യാൻ അനുവദിക്കും. വിദ്യാർത്ഥികൾക്ക് റീ രജിസ്റ്റർ ചെയ്യാൻ നൽകുന്ന ആദ്യത്തെയും അവസാനത്തെയും അവസരമായിരിക്കും ഇതെന്ന് അക്കാഡമിക്സ് പ്രോഗ്രാംസ് ആന്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് വൈസ് പ്രസിഡണ്ട് ഡോ. വഹീബ് അൽ നാസർ പറഞ്ഞു. ആവശ്യമായ ജി.പി.എ നേടാൻ കഴിയാഞ്ഞ ആദ്യ സെമിസ്റ്റർ വിദ്യാർത്ഥികൾക്ക് അപ്പീലിനായി നേരത്തെ അഞ്ച് ദിവസത്തെ സമയം നൽകിയിരുന്നു.

2017ൽ എൻ−റോൾ ചെയ്ത, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് യൂണിവേഴ്സിറ്റി ഭരണകൂടം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. നിയമപ്രകാരം ജി.പി.എ രണ്ടിൽ താഴെയുള്ളവർക്ക് പുറത്താക്കലിന് മുന്പ്  മുന്നറിയിപ്പ് നൽകും. നേരത്തെ, ജി.പി.എ മാനദണ്ധങ്ങൾ പാലിക്കാത്ത 400 വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റി പുറത്താക്കിയതായി സമൂഹ മാധ്യമങ്ങളിൽ വർത്തകൾ വന്നിരുന്നു. എന്നാൽ ഈ കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്ന് യൂണിവേഴ്സിറ്റി മറുപടി നൽകി. വിശദാംശങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുകയും വ്യക്തമായ പരാതികൾ ഉള്ളവർക്ക് അപ്പീൽ നൽകാൻ അവസരം നൽകുകയും ചെയ്തു. ഇതേത്തുടർന്ന് 160 വിദ്യാർത്ഥികൾ അപ്പീൽ നൽകി.

റീ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളിൽ 2−നും അതിന് മുകളിലുള്ളതുമായ ജി.പി.എ നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് നിരീക്ഷണ പരിപാടിയിൽ പങ്കെടുക്കേണ്ടിവരും. വിദ്യാർത്ഥികൾക്കായി രൂപീകരിച്ച അക്കാദമിക് −സോഷ്യൽ കോച്ചിംഗ് സെഷൻ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഡോ. വഹീബ് അൽ നാസർ പറഞ്ഞു. പുറത്താക്കപ്പെട്ട വിദ്യാർത്ഥികളിൽ ചിലർ സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. വിദ്യാർത്ഥികൾ വിദ്യാഭ്യാസ കാര്യങ്ങൾ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Straight Forward

Most Viewed