ഗ്യാനേഷ് കുമാറിന്റെ രാജി : ഡൽഹിയിൽ പിണറായി അടക്കം സി.പി.എം നേതാക്കൾ ഡൽഹി പൊലീസ് കസ്റ്റഡിയിൽ
ഷീബ വിജയൻ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത 'ജന്തർ മന്തർ 2.0' പ്രതിഷേധ സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയും വ്യാപക അറസ്റ്റും. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ യൂട്യൂബറും പൗരാവകാശ പ്രവർത്തകനുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽ നിന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെ 7.45ഓടെ സെക്ടർ 56-ലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചായിരുന്നു നടപടി. അർധരാത്രി മുതൽ തന്നെ അൻപതോളം വരുന്ന പൊലീസ് സംഘം വീടിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു. സമരത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ജന്തർമന്തർ പ്രക്ഷോഭത്തിനെത്തിയ കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സി.പി.എം നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. എ.കെ.ജി ഭവനിൽ വൻ പൊലീസ് സംഘത്തെയും കേന്ദ്രസേനയെയും വിന്യസിച്ചിരുന്നു. എം.എ. ബേബി, എം.വി ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ ശൈലജ തുടങ്ങിയവരും കസ്റ്റഡിയിലായവരുടെ കൂട്ടത്തിലുണ്ട്. വോട്ടർപ്പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (SIR) ബന്ധപ്പെട്ട ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാണ് സി.ജെ.പിയുടെ പ്രധാന ആവശ്യം. സമരത്തെത്തുടർന്ന് തലസ്ഥാനനഗരിയെ പൂർണമായി സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. നഗരത്തെ 20 മേഖലകളായി തിരിക്കുകയും പ്രതിഷേധക്കാരെ തടവിലിടാനായി ഡൽഹിയിലെ സ്റ്റേഡിയങ്ങളെല്ലാം താത്കാലിക ഡിറ്റൻഷൻ സെന്ററുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുന്നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജന്തർ മന്തറിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞയും നാല് കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി മെട്രോയുടെ വിവിധ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളും താൽക്കാലികമായി അടച്ചു.
dddfsds

