ശശി­ തരൂരും സു­ഷമാ­ സ്വരാ­ജും തമ്മിൽ ലോ­ക്സഭയിൽ വാ­ക്കേ­റ്റം


ന്യൂഡൽഹി: യു.എന്നിന്റെ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ഹിന്ദിയെ ഉൾപ്പെടുത്താനുള്ള ശ്രമത്തെ ചൊല്ലിയുള്ള ചർച്ചയിൽ ശശി തരൂരും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തമ്മിൽ ലോക്സഭയിൽ വാക്കേറ്റം. ഹിന്ദി യു.എന്നിന്റെ ഔദ്യോഗിക ഭാഷകളിൽ ഒന്നാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് സുഷമാ സ്വരാജ് ലോക്സഭയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിയോജിപ്പുമായി തരൂർ രംഗത്തെത്തിയത്.

193 അംഗങ്ങളുള്ള സംഘടനയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ(129) പിന്തുണ ലഭിച്ചാൽ മാത്രമേ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനാകൂവെന്ന് സുഷമാ സ്വരാജ് പറഞ്ഞു. മാത്രമല്ല ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്ക് ചിലവാകുന്ന തുകയുടെ പങ്ക് ഇവർ വഹിക്കുകയും വേണം. അതിനാലാണ് സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾ പലതും ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ നൽകാൻ മടിക്കുന്നതെന്നു വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഹിന്ദി ദേശീയഭാഷയല്ലെന്നും ഔദ്യോഗിക ഭാഷയാണെന്നും ശശി തരൂർ പറഞ്ഞു. അറബിക് സംസാരിക്കുന്നവരുടെ എണ്ണം ഹിന്ദി സംസാരിക്കുന്നവരേക്കാൾ കുറവാണ്. എന്നാൽ 22 രാജ്യങ്ങളിലാണ് അറബിക് സംസാരിക്കുന്നത്. എന്നാൽ ഹിന്ദി ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് ഇന്ത്യയിൽ മാത്രമാണ് തരൂർ ചൂണ്ടിക്കാണിച്ചു. എന്താണ് ഇതുകൊണ്ടുള്ള നേട്ടം? അദ്ദേഹം പറഞ്ഞു. 

അതേസമയം ഹിന്ദി ഇന്ത്യയിൽ മാത്രമാണ് സംസാരിക്കുന്നത് എന്നത് തരൂരിന്റെ അജ്ഞതയാണെന്ന് സുഷമ പ്രതികരിച്ചു. ഇന്ത്യൻ വംശജരുള്ള ഫിജി, മൗറീഷ്യസ്, സുരിനാം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഹിന്ദിയെ ഔദ്യോഗിക ഭാഷാപട്ടികയിൽ ഉൾപ്പെടുത്താൻ എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ തയ്യാറാണെന്നും സുഷമ കൂട്ടിച്ചേർത്തു. നിരവധി രാജ്യങ്ങളിൽ ഹിന്ദി സംസാരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, അറബിക്, റഷ്യൻ, സ്പാനിഷ് എന്നിവയാണ് യു.എന്നിലെ ഔദ്യോഗിക ഭാഷകൾ

You might also like

  • Lulu Exchange
  • Straight Forward

Most Viewed