അഹമ്മദ് പട്ടേലിന് ഐ.എസ് ബന്ധം : ആരോപണവുമായി ഗുജറാത്ത് മുഖ്യമന്ത്രി രംഗത്ത്
അഹമ്മദാബാദ് : കോൺഗ്രസിന്റെ പ്രമുഖ നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് ഐ.എസ് ബന്ധമുണ്ടെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് പട്ടേലിന് ഐ.എസ് ബന്ധമുണ്ടെന്ന് ആരോപണമുന്നയിച്ചിരിക്കുന്നത്. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആരോപണമിറക്കി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
അഹമ്മദ് പട്ടേൽ ട്രസ്റ്റിയായിരുന്ന ഭാറൂച്ചിലെ സർദാർപട്ടേൽ ആശുപത്രിയിലെ മുൻ ജീവനക്കാരനെ ഐ.എസ് ബന്ധം സംശയിച്ച് ഭീകരവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ പിൻപറ്റിയാണ് രൂപാണിയുടെ ആരോപണം. ഐ.എസ് ബന്ധമുള്ള അഹമ്മദ് പട്ടേൽ എം.പിസ്ഥാനം രാജിവെക്കണമെന്നാണ് വിജയ് രൂപാണി ആവശ്യപ്പെട്ടിരിക്കുന്നത്.
‘തീവ്രവാദിയെ അറസ്റ്റ് ചെയ്തത് അഹമ്മദ് പട്ടേൽ നടത്തുന്ന ആശുപത്രിയിൽ നിന്നാണ്. അഹമ്മദ് പട്ടേൽ ട്രെസ്റ്റി സ്ഥാനം രാജിവെച്ചത് എന്തിനാണെന്ന് ഇപ്പോൾ തെളിയുകയാണ്. ഇങ്ങനെയൊരാളെ എങ്ങനെയാണ് ആശുപത്രിയിലെ ജീവനക്കാരനായി വെച്ചതെന്ന് അഹമ്മദ് പട്ടേൽ തന്നെ മറുപടി നൽകണം’, രൂപാണി പറഞ്ഞു.
എന്നാൽ രൂപാണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അഹമ്മദ് പട്ടേൽ പ്രതികരിച്ചു. ഗുജറാത്തിലെ ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് എ.ടി.എസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും അറസ്റ്റിലായവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നു താനും പാർട്ടിയും ആവശ്യപ്പെടുന്നതായും അഹമ്മദ് പട്ടേൽ പറഞ്ഞു. അഹമ്മദ് പട്ടേലിനോ കുടുംബത്തിനോ ആശുപത്രി നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.


