ജിംനേഷ്യത്തിലെ മരണങ്ങൾ : സർക്കാർ അന്വേഷണം ആരംഭിച്ചു
മനാമ : ക്യാപിറ്റൽ ഗവർണറേറ്റിലെ ജിംനേഷ്യത്തിൽ നടന്ന ദുരൂഹ മരണങ്ങളെക്കുറിച്ച് സർക്കാർ അന്വേഷണം ആരംഭിച്ചു. ചാരിറ്റി വർക്സ് ആൻഡ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും യൂത്ത് ആൻഡ് സ്പോർട്സ് പ്രസിഡണ്ടും ബഹ്റൈൻ ഒളിന്പിക് കമ്മിറ്റി പ്രസിഡണ്ടുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ ഇടപെടലിനെത്തുടർന്നാണ് തീരുമാനം.
മരണ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപവൽക്കരിക്കാൻ ബഹ്റൈൻ ഒളിന്പിക് കമ്മിറ്റിക്ക് നിർദ്ദേശം നൽകിയതായി ഷെയ്ഖ് നാസർ പറഞ്ഞു. കഴിയുന്നത്ര വേഗത്തിൽ കമ്മിറ്റിയുടെ കണ്ടെത്തലുകൾ സമർപ്പിക്കാനും നിർദ്ദേശം നൽകി. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും നിയമനിർദ്ദേശങ്ങളും ലഭ്യമാക്കാൻ ബന്ധപ്പെട്ട സമിതികളെ ഏകോപിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കുകൾ കുറയ്ക്കാനും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനും ഇത് അത്യാവശ്യമാണെന്നും ഷെയ്ഖ് നാസർ പറഞ്ഞു.
ആഹാരസാധനങ്ങളുടെയും മരുന്നുകളുടെയും ഉപയോഗം നിരീക്ഷിക്കുന്നതിനായി ജിമ്മിൽ പരിശോധന നടത്താനും അദ്ദേഹം നിർദ്ദേശം നൽകി. ജിമ്മിലെ ജീവനക്കാർക്ക് പ്രഥമ ശിശ്രൂഷ നൽകുന്നതിനാവശ്യമായ പരിശീലനം നൽകണമെന്നും ഷെയ്ഖ് നാസർ പറഞ്ഞു. ജഫർ അൽ മുല്ല (39), ഹസ്സൻ ഷംലൂഹ് (54) എന്നിവരാണ് ക്യാപിറ്റൽ ഗവർണറേറ്റിലെ ടുബ്ലിയിലുള്ള ജിമ്മിൽ വെച്ച് മരിച്ചത്. രണ്ട് പേരുടെയും മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു.


