വ്യാജ നോട്ട് കണ്ടെത്താൻ 12 കറൻസി പരിശോധനാ യന്ത്രങ്ങളുമായി റിസർവ് ബാങ്ക്
മുംബൈ : നോട്ട് നിരോധന കാലത്ത് പിടിച്ചെടുത്ത 500, 1000 നോട്ടുകളിലെ വ്യാജനെ കണ്ടെത്താൻ 12 കറൻസി പരിശോധനാ യന്ത്രങ്ങൾ ആറ് മാസത്തേക്ക് വാടകയ്ക്ക് എടുക്കാനൊരുങ്ങി ആർ.ബി.ഐ. നേരത്തെ 18 കറൻസി പരിശോധനാ യന്ത്രങ്ങൾ വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ വിളിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ പുതുതായി 12 എണ്ണം വാടകയ്ക്ക് എടുക്കുന്നതിന് ആർ.ബി.ഐ ഒരുങ്ങുന്നത്.
സെക്കന്റിൽ 30 കറൻസി നോട്ടുകൾ എന്ന കണക്കിലാണ് പരിശോധന സാധ്യമാകുന്നത്. ആറ് മാസം എന്ന കാലാവധിക്ക് പുറമെ ആവശ്യമെങ്കിൽ രണ്ട് മാസം കൂടി കരാർ നീട്ടാവുന്നതാണെന്ന് ടെൻഡറിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം നവംബർ ഒന്പതിന്് നോട്ട് നിരോധിച്ചതിനെ തുടർന്ന് തിരികെ ബാങ്കിലെത്തിയ കറൻസി മൂല്യത്തെ സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ധാരണ റിസർവ് ബാങ്കിനില്ല. കറൻസികൾ എണ്ണി തിട്ടപ്പെടുത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ആർ.ബി.ഐ എന്നാണ് റിപ്പോർട്ട്.
ധനമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, നോട്ട് നിരോധനം പ്രാബല്യത്തിൽ വരുന്പോൾ 1716 കോടി 500 രൂപ നോട്ടുകളും 685 കോടി 1000 രൂപ നോട്ടുകളും നിലവിലുണ്ടായിരുന്നു.

