വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്ക് തോൽവി


ലണ്ടൻ : വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ട് ഒൻപത് റൺസിന് ഇന്ത്യയെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.4 ഓവറിൽ 219 റൺസിന് എല്ലാവരും പുറത്തായി.

ഇംഗ്ലണ്ടിന്റെ പരിചയ സമ്പത്തിനു മുൻപിൽ ഇന്ത്യ പൊരുതിത്തോൽക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ നാലാം ലോകകപ്പ് വിജയമാണിത്. 1983ല്‍ കപില്‍ ദേവിനു ശേഷം മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിശ്വവിജയത്തിനായി ഒരുങ്ങിയെങ്കിലും സ്വപ്നം സഫലീകരിക്കാനായില്ല. ഇന്ത്യ രണ്ടാം തവണയാണ് ഫൈനലിൽ തോൽക്കുന്നത്. 2005ലെ ലോകകപ്പ് ഫൈനലി‍ൽ‌ ഓസ്ട്രേലിയയോടായിരുന്നു ഇന്ത്യയുടെ തോൽവി.

ടൂർണമെന്റിൽ ഒരു തോൽവി മാത്രം വഴങ്ങിയ ഇന്ത്യ, കിരീടം നേടുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കായികപ്രേമികൾ. എന്നാൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീം തുടക്കത്തിലേ പതറിപ്പോയി. ഓപ്പണർ സ്മൃതി മന്ദാന പൂജ്യത്തിന് ഔട്ടായി. 17 റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ മിതാലി രാജ് റണ്ണൗട്ടായി. പൂനം റാവത്തിന്റെയും ഹർമൻ പ്രീത് കൗറിന്റെയും രക്ഷാപ്രവർത്തനമാണ് കളിയിലേക്ക് തിരികെ എത്തിച്ചത്.

അർധ സെഞ്ചുറി നേടിയതിനു തൊട്ടുപിന്നാലെ 51 റൺസെടുത്ത ഹർമൻ പ്രീത് കൗറിനെ ഇന്ത്യയ്ക്ക് നഷ്ടമായി. പൂനം റാവത്ത് അസാധാരണ മികവോടെ ബാറ്റു വീശിയപ്പോൾ ഒരു ഘട്ടത്തിൽ ‍ഇന്ത്യ വിജയ പ്രതീക്ഷയിലായി. 86 റൺസെടുത്ത പൂനം റാവത്തിനെ നഷ്ടമായതോടെ ജയിക്കാമായിരുന്ന കളിയിൽ ഇന്ത്യ പ്രതിരോധത്തിലായി. ഒരു ഘട്ടത്തിൽ ആറിന് 200 എന്നതായിരുന്നു ഇന്ത്യയുടെ സ്കോർ. വിജയമുറപ്പിച്ച ഈ നിലയിൽനിന്നാണ് 219 ന് ഓൾ ഔട്ട് എന്ന നിലയിലേക്ക് ടീം കൂപ്പുകുത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed