ഹർമൻപ്രീത് കൗറിന് സെഞ്ചുറി : ഇന്ത്യ ലോകകപ്പ് ഫൈനലിൽ
ഡാർബി : തകർപ്പൻ ഇന്നിങ്സുമായി ഹർമൻപ്രീത് കൗർ കളം നിറഞ്ഞപ്പോൾ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ അനായാസ ജയത്തോടെ ഇന്ത്യ ഫൈനലിൽ. സ്കോർ: ഇന്ത്യ– 42 ഓവറിൽ നാലിന് 281. ഓസ്ട്രേലിയ– 40.1 ഓവറിൽ 245നു പുറത്ത്. 115 പന്തിൽ 171 റൺസുമായി മൂന്നാം സെഞ്ചുറി നേടി കൗർ പുറത്താകാതെ നിന്നു. ഇന്ത്യ–ഇംഗ്ലണ്ട് ഫൈനൽ ഞായറാഴ്ച നടക്കും.
ലോകകപ്പിലെ ഇന്ത്യാക്കാരിയുടെ ഉയർന്ന വ്യക്തിഗത സ്കോറാണ് കൗർ കുറിച്ചത്. ഏകദിനത്തിൽ ഇന്ത്യാക്കാരിയുടെ ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറും. ദീപ്തി ശർമ്മയുടെ 188 റൺസാണ് ഒന്നാം സ്ഥാനത്ത്. 20 ഫോറുകളും ഏഴു സിക്സുകളും നേടിയ കൗർ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകളെന്ന വനിതാ ലോകറെക്കോർഡും സ്വന്തമാക്കി. എലിസ് വില്ലാനി (58 പന്തിൽ 71), അലക്സ് ബ്ലാക്ക്‌വെൽ (56 പന്തിൽ 90) എന്നിവർ പൊരുതിയെങ്കിലും ഇന്ത്യൻ സ്കോർ എത്തിപിടിക്കാനായില്ല.
ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കം. പത്താം ഓവറായപ്പോഴേക്കും ഓപ്പണർമാരായ സ്മൃതി മന്ദനയും (ആറ്) പൂനം റൗത്തും (14) മടങ്ങിയെത്തി. ക്യാപ്റ്റൻ മിതാലി രാജ് (36) ഹർമൻപ്രീതിനു കൂട്ടു നൽകിയെങ്കിലും 25–ാം ഓവറിൽ മിതാലിയും മടങ്ങിയപ്പോൾ ഇന്ത്യയുടെ സ്കോർ നൂറു കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് ഹർമൻ നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചു. സ്പിന്നർമാർക്കെതിരെ അപാരമായ ഫൂട്ട്‌വർക്ക് പ്രകടമാക്കിയ ഹർമൻ മിക്കപ്പോഴും അവരെ ലോങോണിനും ഡീപ് മിഡ്‌വിക്കറ്റിനുമിടയിലൂടെ പായിച്ചു. ഓസീസ് ബോളർമാരായ ജെസെ ജോനാസൺ ഏഴ് ഓവറിൽ 63 റൺസ് വഴങ്ങിയപ്പോൾ അഷ്‌ലെയ് ഗാർഡ്നർ എട്ട് ഓവറിൽ 43ഉം കിർസ്റ്റൻ ബീൻസ് 49ഉം വഴങ്ങി.
മറുപടി ബാറ്റിങിൽ ജുലൻ ഗോസ്വാമി നേതൃത്വത്തിലുള്ള ബോളിങ് നിര ഓസീസിനെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കി. എട്ടാം ഓവറായപ്പോഴേക്കും മൂന്നിന് 21 എന്ന നിലയിൽ പതറിയ ഓസീസ് പതിയെ കരകയറിയെങ്കിലും വിജയലക്ഷ്യം അകന്നു നിന്നു. ഇന്ത്യയ്ക്കു വേണ്ടി ദീപ്തി ശർമ മൂന്നും ജുലൻ ഗോസ്വാമി, ശിഖ പാണ്ഡെ എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.

