ഗോ സംരക്ഷണത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ന്യൂഡൽഹി : ഗോ സംരക്ഷണത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്നതിന് മുൻപ് ചേർന്ന സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്.
ഗോ സംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദേശം നൽകിയെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാർ അറിയിച്ചു. ഒരു വ്യക്തിയെയോ സംഘത്തെയോ നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞതായി കേന്ദ്ര മന്ത്രി അറിയിച്ചു. മോദിയുൾപ്പെടെയുള്ള പ്രധാന ബിജെപി നേതാക്കൾ പങ്കെടുത്ത യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആനന്ദ് കുമാർ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബീഫ് കൊണ്ടുപോയെന്നോ ഉപയോഗിച്ചുവെന്നോ ആരോപിച്ച് ജനങ്ങളെ ആൾക്കൂട്ടം ക്രൂരമായി മർദിക്കുകയും ചിലർക്ക് ജീവൻ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. നേരത്തെയും അദ്ദേഹം സമാനമായ പ്രതികരണം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം നടന്നത്.

