ജൂറി ചെയർമാനായി ബാലയ്യ; 'മികച്ച നടൻ ബാലകൃഷ്ണ, മികച്ച ചിത്രം അഖണ്ഡ 2' എന്ന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ
ഷീബ വിജയൻ
ഹൈദരാബാദ്: 2025ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾക്കായി ആന്ധ്രാപ്രദേശ് സർക്കാർ പ്രത്യേക ജൂറി സമിതി രൂപീകരിച്ചു. തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെയാണ് സമിതിയുടെ ചെയർമാനായി നിയമിച്ചത്. പ്രമുഖ നിർമാതാവ് അല്ലു അരവിന്ദിനെയും ജൂറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിയമന ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും ചർച്ചകളും സജീവമായി.
നവംബർ 26ന് പുറത്തിറക്കിയ G.O.Rt.No.2213 ഉത്തരവ് പ്രകാരമാണ് സർക്കാർ പുതിയ സമിതി രൂപീകരിച്ചത്. ബാലകൃഷ്ണയ്ക്കും അല്ലു അരവിന്ദിനും പുറമെ ഛായാഗ്രാഹകൻ എസ്. ഗോപാൽ റെഡ്ഡി, നടി പ്രഭ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഫിലിം, ടെലിവിഷൻ ആൻഡ് തിയേറ്റർ ഡെവലപ്മെന്റ് കോർപ്പറേഷൻ (APSFTVTDC) മാനേജിങ് ഡയറക്ടറുടെ ശുപാർശകൾ പരിഗണിച്ചാണ് ഈ നിയമനം നടത്തിയത്.
പുതിയ നിയമനത്തെ പരിഹാസരൂപത്തിലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'മികച്ച ചിത്രം അഖണ്ഡ 2, മികച്ച നടൻ ബാലകൃഷ്ണ' എന്നിങ്ങനെയുള്ള ട്രോളുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. ബാലകൃഷ്ണ തന്നെ അധ്യക്ഷനായ സമിതിയിൽ അദ്ദേഹത്തിന്റെ സിനിമകൾക്ക് തന്നെ പുരസ്കാരം ലഭിക്കുമെന്ന തരത്തിലുള്ള പരിഹാസങ്ങളും ഉയരുന്നുണ്ട്. നിയമനത്തിന്റെ മാനദണ്ഡങ്ങളെച്ചൊല്ലിയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
ബാലകൃഷ്ണയുടെ രാഷ്ട്രീയ ബന്ധങ്ങളും ഇതോടൊപ്പം ചർച്ചയാകുന്നുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരനാണ് ബാലകൃഷ്ണ. ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യാസഹോദരനാണ് അല്ലു അരവിന്ദ്. അതിനാൽ മകൻ അല്ലു അർജുന്റെ സിനിമകൾക്കും അവാർഡ് ഉറപ്പിക്കാമെന്ന പരിഹാസവും സജീവമാണ്. രാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലത്തിലും ഇവരുടെ നിയമനം ശ്രദ്ധ നേടുന്നുണ്ട്. അതേസമയം, കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ഔദ്യോഗിക ജൂറിയിലേക്കല്ല ഈ നിയമനം. 2025ലെ പുരസ്കാര തിരഞ്ഞെടുപ്പ് നടപടികൾക്കായി ആന്ധ്രാപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക സമിതി മാത്രമാണിത്.
cxzasxzsx


