നെല്ലിക്കാത്തളം ഒരുക്കണം'; ഷാഫിയെ തൊട്ടതിന് രാജ്മോഹൻ ഉണ്ണിത്താന് കൊറിയർ വഴി നെല്ലിക്ക അയച്ച് കോൺഗ്രസ് പ്രവർത്തകർ


ഷീബ വിജയൻ

പാലക്കാട്: രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ വിവാദ പ്രസ്താവനകൾക്കെതിരെ പരിഹാസരൂപത്തിലുള്ള വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. "നെല്ലിക്കാത്തളം ഒരുക്കണം" എന്ന പരിഹാസക്കുറിപ്പിനൊപ്പം കൊറിയർ വഴി നെല്ലിക്ക അയച്ചുനൽകിയാണ് വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

ഇന്ന് രാവിലെയാണ് എംപിക്ക് കൊറിയർ വഴി നെല്ലിക്ക അയച്ചത്. വടകര എംപി ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരസ്യ വിമർശനങ്ങളാണ് പുതിയ പ്രതിഷേധത്തിന് കാരണമായത്. കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള വാക്പോര് രൂക്ഷമായ സാഹചര്യത്തിലാണ് പാലക്കാട്ടെ പ്രവർത്തകർ ഈ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്.

ഷാഫി പറമ്പിൽ 'എ' ഗ്രൂപ്പുകാരനല്ലെന്നും അങ്ങനെയാണെങ്കിൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നുമുള്ള ഉണ്ണിത്താന്റെ പരാമർശം പാർട്ടിക്കുള്ളിൽ വലിയ വിവാദമായിരുന്നു. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളുടെ അനുയായികളാണെന്നും, മുൻ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി സൂചിപ്പിച്ചും ഉണ്ണിത്താൻ വിമർശിച്ചിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വിവാദങ്ങൾ ഉയർന്ന ഘട്ടത്തിൽ അദ്ദേഹത്തെ പ്രതിരോധിക്കാൻ താനും ടി. സിദ്ദിഖും മാത്രമാണ് മുന്നിലുണ്ടായിരുന്നതെന്നും മറ്റുള്ളവർ മാറിനിന്നെന്നുമുള്ള ഉണ്ണിത്താന്റെ പ്രതികരണവും വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ കുടുംബവും പ്രതികരിച്ചിരുന്നു. ഷാഫി പറമ്പിലിനെ പിന്തുണച്ച് 'എ' ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയതോടെ വിവാദം കൂടുതൽ കടുത്തു. പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് നേതൃത്വം നിർദ്ദേശിച്ചതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് പാലക്കാട്ടെ പ്രവർത്തകരുടെ നെല്ലിക്ക പ്രതിഷേധം ശ്രദ്ധേയമാകുന്നത്.

article-image

adsdfsdds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed