വിജയ തരംഗത്തിൽ ഒലിച്ചുപോയ അണ്ണാമലൈ; തമിഴകത്തെ കാക്കിയിൽ നിന്നും ഖദ്ദറിലേക്കുള്ള 'വഴിമാറൽ' കഥ!
ഷീബ വിജയൻ
തമിഴ്‌നാട് ബി.ജെ.പിയിൽ നിന്നും അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച് പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് ചുവടുവെക്കുന്ന കെ. അണ്ണാമലൈയുടെ രാഷ്ട്രീയ ജീവിതം നാടകീയമായ വഴിത്തിരിവുകളുടേതാണ്. സിവിൽ സർവിസിലെ തിളക്കമാർന്ന കരിയർ ഉപേക്ഷിച്ചാണ് അദ്ദേഹം തമിഴ് രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകാൻ ഇറങ്ങിതിരിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ തരംഗമുണ്ടാക്കുകയും അത്രത്തോളം തന്നെ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയും ചെയ്ത നേതാവാണ് കെ. അണ്ണാമലൈ. 1984 ജൂൺ 4-ന് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ഒരു കർഷക കുടുംബത്തിലാണ് അണ്ണാമലൈയുടെ ജനനം. ശിവ സെന്തിൽ കുമാർ എന്നായിരുന്നു യഥാർത്ഥ പേര്. കോയമ്പത്തൂർ പി.എസ്.ജി കോളജ് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങും, ഐ.ഐ.എം ലഖ്‌നൗവിൽ നിന്ന് എം.ബി.എയും പൂർത്തിയാക്കി. 2011ൽ സിവിൽ സർവിസ് പരീക്ഷ വിജയിച്ച് ഐ.പി.എസ് ഓഫീസറായി കരിയർ ആരംഭിച്ചു. കർണാടകയിലെ പൊലീസ് സേവനത്തിനിടയിൽ അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെ അദ്ദേഹം ജനപ്രിയനായി. 'സിങ്കം അണ്ണാമലൈ' എന്ന് ജനങ്ങൾ വിളിച്ചിരുന്ന അദ്ദേഹം 2019 മേയിൽ ബംഗളൂരു സൗത്ത് ഡി.സി.പി പദവിയിലിരിക്കെ ഐ.പി.എസ് രാജിവെച്ചു.
ഐ.പി.എസ് വിട്ടതിനുശേഷം എൻ.ജി.ഓ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പിന്നീട് 2020 ആഗസ്റ്റിൽ ബി.ജെ.പിയിൽ ചേർന്നു. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ ദ്രാവിഡ പാർട്ടികൾക്കെതിരെയുള്ള പ്രസംഗങ്ങളിലൂടെ അണ്ണാമലൈ തമിഴ്‌നാട്ടിൽ ബി.ജെ.പിയുടെ ദൃശ്യത വർദ്ധിപ്പിച്ചു. എന്നാൽ അധ്യക്ഷ പദവിയിൽ ഇരിക്കെ ബി.ജെ.പിക്കുള്ളിലെയും ആർ.എസ്.എസിലെയും ശക്തമായ ബ്രാഹ്മണ ലോബിയിൽ നിന്നും അണ്ണാമലൈക്ക് കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെക്കെതിരെ അദ്ദേഹം തുടർച്ചയായി നടത്തിയ വിമർശനങ്ങളും 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം തകരുന്നതിലേക്ക് നയിച്ചു. ദ്രാവിഡ ശക്തികൾക്ക് ബദലായി മാറുക എന്ന അണ്ണാമലൈയുടെ സ്വപ്നം ഇത്തവണ വോട്ടർമാർ നടപ്പിലാക്കിയത് നടൻ ജോസഫ് വിജയിന്റെ തമിഴക വെട്രി കഴകത്തിലൂടെയായിരുന്നു. ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും മൂന്ന് ശതമാനം വോട്ട് വിഹിതവും ഒരൊറ്റ സീറ്റും മാത്രമായി ബിജെപി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ കനത്ത പരാജയമാണ് പാർട്ടിക്കുള്ളിലെ ഭിന്നതകൾ രൂക്ഷമാക്കിയതും, ഒടുവിൽ ബി.ജെ.പി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള അണ്ണാമലൈയുടെ അപ്രതീക്ഷിത തീരുമാനത്തിലേക്ക് നയിച്ചതും.
xdsasadas

