ലോകത്തെ വിറപ്പിക്കാൻ അമേരിക്ക; ഇറാനിൽ 'മദർ ഓഫ് ഓൾ ബോംബ്സ്' വർഷിക്കുമോ?


ശാരിക

ഇറാനിൽ പ്രത്യാക്രമണങ്ങൾ പുനരാരംഭിക്കാൻ ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടാൽ, രാജ്യത്തിന്റെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകളെയും ആണവ നിലയങ്ങളെയും ലക്ഷ്യമിട്ട് തങ്ങളുടെ പക്കലുള്ള ഏറ്റവും വലിയ ആണവേതര ബോംബ് പ്രയോഗിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.

'മദർ ഓഫ് ഓൾ ബോംബ്സ്' (Mother of All Bombs) എന്ന് വിളിപ്പേരുള്ള GBU-43/B മാസീവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് ബോംബ് (MOAB) പ്രയോഗിക്കുന്നത്, താൽക്കാലികമായി ശാന്തമായ നിലവിലെ സംഘർഷ സാഹചര്യങ്ങളെ വൻതോതിൽ രൂക്ഷമാക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. എന്നാൽ ഈ നീക്കം കൊണ്ട് എന്താണ് കൈവരിക്കാനാകുക എന്നതിൽ അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ തന്നെ സംശയങ്ങൾ ഉയരുന്നുണ്ട്. ഇറാന്റെ ഭീകരമായ ആണവശേഷി പൂർണ്ണമായി തകർക്കുക എന്ന യു.എസിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ MOAB സഹായിക്കില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇറാന്റെ ഭൂഗർഭ നിലയങ്ങൾ തകർക്കാൻ ഈ ബോംബിന് കഴിയില്ലെന്നും, ഇത്തരം ഒരു ആക്രമണം വെറുമൊരു "രാഷ്ട്രീയ നാടകം" മാത്രമായി മാറിയേക്കാമെന്നും സൈനിക വിദഗ്ദ്ധൻ ഏലിജാ മഗ്നിയർ വ്യക്തമാക്കുന്നു.

എന്താണ് MOAB?

ഏകദേശം 8,500 കിലോഗ്രാം (8.5 ടൺ) സ്ഫോടകവസ്തുക്കൾ അടങ്ങിയ കൂറ്റൻ ആയുധമാണ് GBU-43/B മാസീവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് ബോംബ് (MOAB). 9,800 കിലോഗ്രാമോളം ഭാരവും 9 മീറ്ററിലധികം നീളവുമുള്ള ഈ ബോംബിന്റെ വലിപ്പം ഒരു ചെറിയ യാട്ടിന് സമമാണ്. വലിപ്പം കാരണം സ്റ്റെൽത്ത് ബോംബറുകളിൽ ഇത് കൊണ്ടുപോകാൻ കഴിയില്ല; അതിനാൽ ലോക്ഹീഡ് C-130 ഹെർക്കുലീസ് ചരക്ക് വിമാനങ്ങളിൽ നിന്നാണ് ഇത് സാധാരണയായി വർഷിക്കുന്നത്. 2002-2003 കാലഘട്ടത്തിൽ നിർമ്മിച്ച ഈ ബോംബ് 12 തവണ സ്ഫോടന പരീക്ഷണങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. 1991-ലെ ഗൾഫ് യുദ്ധസമയത്ത് മുൻ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈൻ നടത്തിയ "മദർ ഓഫ് ഓൾ ബാറ്റിൽസ്" എന്ന പ്രയോഗത്തിൽ നിന്നാണ് ഇതിന് ഈ വിളിപ്പേര് ലഭിച്ചത്. 2017-ൽ അഫ്ഗാനിസ്ഥാനിലെ ഐ.എസ്.കെ.പി (ISKP) ഗുഹാ ശൃംഖലകൾക്ക് നേരെയാണ് അമേരിക്ക ഇത് ആദ്യമായി യുദ്ധത്തിൽ ഉപയോഗിച്ചത്.

ഇത് വരുത്തുന്ന നാശനഷ്ടങ്ങൾ എന്തൊക്കെയാണ്?

ഭൂനിരപ്പിന് തൊട്ടുമുകളിൽ വച്ച് പൊട്ടിത്തെറിക്കുന്ന രീതിയിലാണ് MOAB രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്ഫോടനത്തിൽ ഉണ്ടാകുന്ന അതിശക്തമായ തരംഗങ്ങൾ കെട്ടിടങ്ങളെയും ഗുഹാമുഖങ്ങളെയും ഉപരിതല നിർമ്മിതികളെയും തകർത്തുകളയുന്നു. ഉപരിതല പ്രദേശത്ത് ഏറ്റവും ശക്തമായ പ്രഹരമുണ്ടാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ സ്ഫോടനത്തിൽ ഉയരുന്ന കൂൺമേഘങ്ങൾ 20 മൈൽ അകലെ നിന്ന് വരെ ദൃശ്യമാകാറുണ്ടെന്ന് യു.എസ് വ്യോമസേന അറിയിച്ചിട്ടുണ്ട്.

ഇതിന്റെ പ്രഹരപരിധിയിലുള്ള എല്ലാ ഉപരിതല വസ്തുക്കളെയും 1 കിലോമീറ്റർ ചുറ്റളവിൽ നശിപ്പിക്കാൻ ഇതിന് കഴിയും. ഇറാന്റെ ഉപരിതല സൈനിക കേന്ദ്രങ്ങളും താവളങ്ങളും തകർക്കാൻ യു.എസ് ഇത് ഉപയോഗിച്ചേക്കാം. എന്നാൽ, ഫോർഡോ കോംപ്ലക്സ്, പിക്ക്ആക്സ് മൗണ്ടൻ തുടങ്ങിയ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവനിലയങ്ങൾ മലനിരകൾക്കുള്ളിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്നവയാണ്. ഭീമാകാരമായ സ്ഫോടനമുണ്ടാക്കാൻ കഴിയുമെങ്കിലും കട്ടിയുള്ള കോൺക്രീറ്റോ പാറകളോ തുളച്ചുകയറാൻ MOAB-ക്ക് കഴിയില്ല. അത്തരം ആഴത്തിലുള്ള ലക്ഷ്യങ്ങൾക്ക് 'ജിബിയു-57 മാസീവ് ഓർഡനൻസ് പെനട്രേറ്റർ' (GBU-57) പോലുള്ള ബങ്കർ ബസ്റ്റർ ബോംബുകളാണ് അനുയോജ്യം.

അമേരിക്ക ഇത് യഥാർത്ഥത്തിൽ ഉപയോഗിക്കുമോ?

അഫ്ഗാനിസ്ഥാനിൽ മുൻപ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഇറാനിൽ ഇത് പ്രയോഗിക്കുന്നത് വൻ സാങ്കേതിക-തന്ത്രപരമായ വെല്ലുവിളികൾ ഉയർത്തുന്നു. ഇറാനിലെ ആണവകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലകളിലേക്ക് വിമാനങ്ങൾ എത്തിക്കുക പ്രയാസകരമാണ്; ഇത്തരം ഭൂപ്രകൃതിക്ക് അനുയോജ്യമായ സ്റ്റെൽത്ത് വിമാനങ്ങൾക്ക് ഈ ബോംബ് വഹിക്കാനാവില്ല.

മാത്രമല്ല, ഈ സ്ഫോടനം ഇറാന്റെ ഇൻഫ്രാസ്ട്രക്ചറുകൾ തകർത്തേക്കാമെങ്കിലും രാഷ്ട്രീയമായി യാതൊരു വിട്ടുവീഴ്ചയ്ക്കും ഇറാനെ നിർബന്ധിതരാക്കില്ലെന്ന് മഗ്നിയർ ചൂണ്ടിക്കാട്ടുന്നു. കേവലം ഒരു സ്ഫോടനത്തിന്റെ ദൃശ്യഭംഗിക്കപ്പുറം തന്ത്രപരമായ നേട്ടങ്ങളൊന്നും ഇതുകൊണ്ട് ലഭിക്കില്ലെങ്കിൽ, ഇത് സൈനിക തന്ത്രത്തേക്കാൾ ഉപരി ഒരു 'രാഷ്ട്രീയ നാടകം' മാത്രമായി മാറുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ഇറാന്റെ പ്രതികരണം എന്തായിരിക്കും?

MOAB ആക്രമണമുണ്ടായാൽ ഇറാനിൽ നിന്ന് അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന അയൽരാജ്യങ്ങളിലേക്ക് അധിനിവേശം നടത്താൻ വരെ ഇറാൻ മുതിർന്നേക്കാം. കുവൈറ്റ് പോലുള്ള രാജ്യങ്ങളിൽ പ്രവേശിച്ച് യു.എസ് സൈനികരെ ബന്ദികളാക്കാൻ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അമേരിക്കൻ ആക്രമണം തുടരുകയാണെങ്കിൽ യു.എ.ഇ ഉൾപ്പെടെയുള്ള മേഖലയിലെ ആശയവിനിമയ കേബിളുകൾ, ഡാറ്റാ സെന്ററുകൾ, എ.ഐ സംവിധാനങ്ങൾ എന്നിവ അടങ്ങുന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി മൊഹ്സെൻ റെസായിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ ശക്തമായ മറ്റൊരു യുദ്ധത്തിനായി ആയുധങ്ങൾ ശേഖരിച്ചും ആണവ കേന്ദ്രങ്ങൾ കൂടുതൽ സുരക്ഷിതമാക്കിയും ഇറാൻ ഇതിനോടകം തന്നെ തയ്യാറെടുപ്പുകൾ നടത്തിവരികയാണ്.

article-image

ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed