വിദേശ ജോലി തട്ടിപ്പ് കേസ്: ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ പാർവതി മായയ്ക്ക് ഉപാധികളോടെ ജാമ്യം
പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം
ഷീബ വിജയൻ
തിരുവനന്തപുരം: വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ പാർവതി മായയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുതെന്നും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നുമാണ് പ്രധാന ജാമ്യവ്യവസ്ഥകൾ.
ഇതിനിടെ പാർവതിക്കെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ കേസിലും പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 2023 മുതൽ ഇവർ ഇത്തരത്തിൽ തട്ടിപ്പ് നടത്തിവരികയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അർമേനിയ, പോളണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം ആളുകളിൽ നിന്നാണ് ഇവർ പണം തട്ടിയെടുത്തത്.
ഇങ്ങനെ തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ദുബായിൽ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ പാർവതി വൻതോതിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും പോലീസ് പറഞ്ഞു. പാർവതിയുടെ അറസ്റ്റിന് പിന്നാലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതിക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മാത്രം ഇരുപത്തഞ്ചിലേറെ പേരാണ് പുതിയ പരാതികളുമായി പോലീസിനെ സമീപിച്ചത്.
കേസിൽ പാർവതിയെക്കൂടാതെ അഞ്ച് പ്രതികൾ കൂടിയുണ്ട്. ഇവരുടെ പങ്കാളിയായ അനീഷ് മേനോൻ, അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
fsdf

